'ബന്ധുവിനെ സഹായിക്കണം'; കർണാടക മന്ത്രി പൊലീസിനോട് അഭ്യർഥിക്കുന്ന ഓഡിയോ പുറത്ത്

ബംഗളൂരു: ബന്ധുവിന്റെ അഴിമതിക്കേസിൽ പൊലീസ് ഉദ്യോഗസ്ഥനോട് സഹായമഭ്യർഥിച്ച് കർണാടക മന്ത്രി. കർണാടക ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് പൊലീസിനോട് സഹായമഭ്യർഥിച്ചത്. ചിക്കബെല്ലാപുര ജില്ലയിലെ കർഷകരുമായുള്ള വ്യാപാരിയായ ബന്ധുവിന്റെ പ്രശ്നം പരിഹരിക്കാൻ സഹായം ചോദിക്കുന്ന മന്ത്രിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
പെരേസാന്ദ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സമീർ ഖാൻ സഹായം ചോദിച്ചത്. ഹൈദരാബാദിലെ വ്യാപാരികളായ അബ്ദുൾ റസാഖ്, അക്ബർ പാഷ, നസീർ അഹമ്മദ് എന്നിവർ ചോളം വാങ്ങിയതിന്റെ പേരിൽ വൻ തുക വെട്ടിപ്പ് നടത്തിയതായി പ്രാദേശിക കർഷകരുടേതായിരുന്നു പരാതി. ഫെബ്രുവരി മുതൽ ജൂലൈ വരെ വ്യാപാരികൾ ചോളം വാങ്ങിയെങ്കിലും പണം നൽകിയില്ല. ബിഎൻഎസിന്റെ സെക്ഷൻ 318 പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൽ മന്ത്രി പൊലീസ് ഉദ്യോഗസ്ഥനോട് പ്രതികൾക്ക് വേണ്ടി സഹായമഭ്യർഥിക്കുന്നത് കേൾക്കാം. "ഹൈദരാബാദിൽ നിന്നുള്ള അക്ബർ പാഷ എന്റെ ബന്ധുവാണ്. എന്തോ സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ അയാളെ കൊണ്ടുവന്നതായി അറിഞ്ഞു. അവൻ പണം വാങ്ങി എന്നത് ശരിയാണ്. പക്ഷേ അത് അവർ പറയുന്നത് പോലെയല്ല. ദയവായി അവനെ സഹായിക്കൂ. അവൻ ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. നമ്മുക്ക് എന്തുചെയ്യാൻ കഴിയും?" എന്നാണ് ശബ്ദസന്ദേശം.
രണ്ട് കക്ഷികളും സമ്മതിച്ച് കുടിശ്ശികകൾ തീർത്താൽ കേസ് അവസാനിപ്പിക്കാം എന്ന് പൊലീസ് ഉദ്യോഗസ്ഥൻ മറുപടിയും നൽകുന്നുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ കർണാടക മന്ത്രിയോ മന്ത്രിയുടെ ഓഫീസോ തയാറായിട്ടില്ല. ശബ്ദത്തിന്റെ ആധികാരികത സംബന്ദിച്ചും പ്രതികരണമുണ്ടായിട്ടില്ല.









0 comments