കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു

തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്.
നിലവിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ ന്യൂനമർദ്ദവും രൂപപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ - ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദ പാത്തി സംബന്ധിച്ച അറിയിപ്പ്
വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത മണിക്കൂറുകളിൽ പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മർദ്ദമായി (Low Pressure Area) ശക്തികുറയാൻ സാധ്യത. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മഞ്ഞ അലർട്ട്
04/12/2025: തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.








0 comments