കർണാടകയിലെ കോൺഗ്രസിൽ തമ്മിൽത്തല്ല്; ഒന്നിലധികം ഭരണകേന്ദ്രങ്ങളെന്ന് മന്ത്രി

ബംഗളൂരു: കർണാടകയിലെ കോൺഗ്രസിൽ തമ്മിൽ തല്ല് രൂക്ഷമാവുന്നു. കോൺഗ്രസ് നേതാവും സംസ്ഥാനത്തെ സഹകരണ വകുപ്പ് മന്ത്രിയുമായ കെ എൻ രാജണ്ണയുടെ പ്രസ്‌താവനയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സെപ്‌തംബർ കഴിഞ്ഞ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് രാജണ്ണയുടെ പ്രസ്‌താവന.
കർണാടക കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ സിദ്ധരാമയ്യയെ മാറ്റി, മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് രാജണ്ണയുടെ പ്രസ്‌താവന. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്തയാൾ കൂടിയാണ് സഹകരണ വകുപ്പ് മന്ത്രി.
2013 മുതൽ 2018 വരെയുള്ള കാലയളവിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ഭരണകേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നിലവിൽ അതല്ല അവസ്ഥ. ഭരണകേന്ദ്രങ്ങളെ തട്ടിയും മുട്ടിയും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. നിങ്ങൾ ഒന്നോർക്കുക, സിദ്ധരാമയ്യക്ക് പാർടിയേയും ഭരണത്തേയും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയും.– രാജണ്ണ പറഞ്ഞു. മുഖമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ മാറുമോ എന്ന ചോദ്യത്തിന് അത് സംഭവിക്കുകയോ, സംഭവിക്കാതിരിക്കുകയോ ചെയ്യാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിസഭയിൽ ഉൾപ്പെടെ മാറ്റങ്ങളുണ്ടാവുമെന്ന് പൊതുമാരത്ത് വകുപ്പ് മന്ത്രി സതീഷ് ജാർഖികോളിയും പറഞ്ഞു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡി കെ ശിവകുമാറിനെ നീക്കിയേക്കുമെന്ന വാർത്തകളും സജീവമാണ്.









0 comments