ജാമിയ സമരം വിജയം; വിദ്യാർഥി യൂണിയൻ രൂപീകരിക്കാൻ അനുമതി

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
ന്യൂഡൽഹി : രണ്ടാഴ്ച നീണ്ട നിരാഹാര സമരത്തിനൊടുവിൽ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം വിജയം. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാനും ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താനും സർവകലാശാലാ അധികൃതർ തീരുമാനിച്ചു. വിദ്യാർഥികൾക്കെതിരായ എല്ലാ നടപടികളും പിൻവലിക്കുമെന്നും ഉറപ്പുനൽകി. ഇതോടെ വിദ്യാർഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു.
ഒക്ടോബർ 12ന് ആരംഭിച്ച സമരം ഇന്ന് രാവിലെ സർവകലാശാലാ അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അഞ്ച് വിദ്യാർഥികളാണ് നിരാഹാര സമരം നടത്തിയത്. 20 വർഷമായി സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ ഇല്ലെന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും യൂണിയൻ അനിവാര്യമാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
സമരത്തിന്റെ ഭാഗമായി കാമ്പസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ക്ലാസുകൾ ഓൺലൈനാക്കിയതും പ്രധാന ഗേറ്റുകളും ലൈബ്രറിയും അടച്ചുപൂട്ടിയതും വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹോസ്റ്റൽ സീറ്റുകൾ വിറ്റ് ലാഭമുണ്ടാക്കുകയാണെന്നും വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ വൈസ് ചാൻസലർ പ്രൊഫ. മസ്ഹർ ആസിഫ് ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചിരുന്നു. അനധികൃതമായി ജോലിയിൽ പ്രവേശിച്ച ചില അധ്യാപകർക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ജാമിയ മിലിയ ഇസ്‌ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ (ജെഎംഐഎസ്‌യു) 2006ലാണ് പിരിച്ചുവിട്ടത്. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിട്ടതോടെയാണ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായത്. വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും നേതൃത്വത്തിൽ ജീവനക്കാരുടെ യോഗം ചേർന്നതിനു പിന്നാലെ സമരപ്പന്തൽ ഒഴിയണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജനാധിപത്യപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ.








0 comments