print edition വിദേശനിക്ഷേപം 100 ശതമാനം ; ഇൻഷുറൻസ് മേഖല വിദേശ കമ്പനികൾ വിഴുങ്ങും

ന്യൂഡൽഹി
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നിലവിലെ 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമായി ഉയർത്താനുള്ള ഇൻഷുറൻസ് ഭേദഗതി ബിൽ (സബ്‌കാ ഭീമാ സബ്‌കി രക്ഷ) പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ച് ലോക്‌സഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്‌ച അവതരിപ്പിച്ച ബിൽ വേഗത്തിൽ പാസാക്കുകയായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണത്തോടൊപ്പം ഇൻഷുറൻസ് മേഖലയിലെ എഫ്‌ഡിഐ പരിധി 100 ശതമാനമായി ഉയർത്തുന്നത്.
സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ അടക്കമുള്ള പ്രതിപക്ഷാംഗങ്ങളുടെ ഭേദഗതി നിർദേശങ്ങളെ വോട്ടിനിട്ട് തള്ളിയാണ് ബിൽ ഏകപക്ഷീയമായി പാസാക്കിയത്. ബിൽ നിയമമാകുന്നതോടെ ഇൻഷുറൻസ് മേഖലയിലെ വിദേശ കുത്തകകമ്പനികൾക്ക് ഇന്ത്യയിൽ പൂർണമായ പ്രവർത്തനസ്വാതന്ത്ര്യം ലഭിക്കും.
ലാഭം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വിദേശകമ്പനികളുടെ വരവ് എൽഐസി പോലുള്ള പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് ഭീഷണിയാകും. രാജ്യത്തെ ലക്ഷക്കണക്കിന് ഇൻഷുറൻസ് ഏജന്റുമാർക്കും വിദേശ കമ്പനികളുടെ വരവ് ഭീഷണിയായി മാറും.
ഇന്ത്യയിൽ പൂർണസ്വാതന്ത്ര്യത്തോടെ പ്രവർത്തനമാരംഭിക്കുന്ന വിദേശകമ്പനികളുടെ ചെയർമാൻ, എംഡി, സിഇഒ എന്നീ ഉയർന്ന പദവികളിൽ ഏതെങ്കിലുമൊന്ന് വഹിക്കേണ്ടത് ഇന്ത്യൻ പൗരനാണെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
ഇൻഷുറൻസ് കമ്പനിയുമായി ഇൻഷുറൻസ് ഇതര കമ്പനികൾക്ക് ലയിക്കാനുള്ള അനുമതിയുമുണ്ട്. പോളിസി ഉടമകളുടെ താൽപ്പര്യസംരക്ഷണാർത്ഥമെന്ന പേരിൽ ഒരു സംരക്ഷണ നിധിക്ക് രൂപം നൽകാനുള്ള വ്യവസ്ഥയുമുണ്ട്. ചെയർപേഴ്‌സണിനും ബോർഡ് അംഗങ്ങൾക്കും പരമാവധി അഞ്ചു വർഷമോ അതല്ലെങ്കിൽ 65 വയസ്സ് വരെയോ ആണ് കാലാവധി. നേരത്തെ ബോർഡ് അംഗങ്ങളുടെ പ്രായപരിധി 62 വയസ്സ് വരെയായിരുന്നു.









0 comments