ബില്‍ പാര്‍ലമെന്റ് കടന്നു ; തൊഴിലാളികളും ഇടത്തരക്കാരും അവഗണിക്കപ്പെടും , ആഭ്യന്തര സമ്പാദ്യം വിദേശമൂലധനത്തിന്റെ കരങ്ങളിലെത്തും
print edition ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം എഫ്‌ഡിഐ ; വിദേശ കമ്പനികൾക്ക് കൊള്ളലാഭം

ന്യൂഡൽഹി
ഇൻഷുറൻസ് മേഖലയിൽ നൂറുശതമാനം എഫ്‌ഡിഐ അനുവദിക്കുക വഴി വിദേശ ഇൻഷുറൻസ് കുത്തകകമ്പനികൾക്ക് വൻകൊള്ളയ്‌ക്കുള്ള അവസരമാണ് മോദി സർക്കാർ ഒരുക്കിയത്. കൊള്ളലാഭം മാത്രം ലക്ഷ്യമിടുന്ന വിദേശ ഇൻഷുറൻസ് കമ്പനികൾക്ക് ഇന്ത്യയെന്ന വമ്പൻ വിപണിയാണ് തുറന്നുകിട്ടുന്നത്. നിലവിൽ ഇന്ത്യയിലെ ഇൻഷുറൻസ് വിപണി മൂല്യം 19.68 ലക്ഷം കോടി രൂപയാണ്. 2034 ഓടെ ഇത് 53.65 ലക്ഷം കോടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ സാമൂഹ്യസുരക്ഷ കൂടി മുൻനിർത്തിയായിരിന്നു കമ്പനികൾ പ്രവർത്തിച്ചത്. എന്നാൽ 1999 ൽ എൻഡിഎ സർക്കാരിന്റെ കാലത്ത് ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിച്ചതോടെ ഇത് അസ്‌തമിച്ചുതുടങ്ങി.
ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപം കൂടി അനുവദിക്കപ്പെട്ടതോടെ സ്വകാര്യ കമ്പനികളുടെ ലക്ഷ്യം ലാഭം മാത്രമായി. ഉയർന്ന സാമ്പത്തികശേഷിയുള്ളവർക്ക് കമ്പനികൾ പരിഗണന നൽകി തുടങ്ങി. തൊഴിലാളികളും ഇടത്തരക്കാരും അവഗണിക്കപ്പെട്ടു.
മാത്രമല്ല രാജ്യത്തെ ഏറ്റവും വിലപ്പെട്ട ആഭ്യന്തര സമ്പാദ്യങ്ങളിലൊന്ന് വിദേശമൂലധനത്തിന്റെ കരങ്ങളിലേക്ക് എത്തുകയും ചെയ്യും. ഇന്ത്യൻ ഇൻഷുറൻസ് മേഖലയുടെ സുരക്ഷിതത്വവും ഇതോടെ അപകടത്തിലാക്കും. സംയുക്ത സംരംഭങ്ങളും മറ്റും അവസാനിപ്പിച്ച് വിദേശ കമ്പനികൾ വേഗത്തിൽ പിൻവാങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് ആഭ്യന്തര ഇൻഷുറൻസ് സ്ഥാപനങ്ങളാകും. ഇതിനോടകം ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ നിന്നും ഒമ്പത് വിദേശ കമ്പനികൾ പിൻവാങ്ങിയിട്ടുണ്ട്.
ബില്‍ പാര്‍ലമെന്റ് കടന്നു
രാജ്യത്തിന്റെ ഇൻഷുറൻസ് മേഖല പൂർണമായും വിദേശകുത്തക കമ്പനികൾക്കായി തുറന്നുകൊടുക്കുന്ന ഇൻഷുറൻസ് ഭേദഗതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്‍ ബുധനാഴ്‌ച രാജ്യസഭയും പാസാക്കി. പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ ശബ്‌ദവോട്ടോടെ തള്ളി. രാജ്യത്തിന്റെ സാമ്പത്തികപരമാധികാരത്തെ തന്നെ അപകടത്തിലാക്കുന്ന ബില്‍ പിൻവലിക്കണമെന്ന ഇടതുപക്ഷ പാർടികളുടെ ആവശ്യം സർക്കാർ നിരാകരിച്ചു.
അപകടകരം: ബ്രിട്ടാസ്
ഇന്ത്യയുടെ ഇൻഷുറൻസ് മേഖല പൂർണമായും വിദേശകുത്തക കമ്പനികൾക്കായി തുറന്നുകൊടുക്കുന്ന ബില്‍ ഏറെ അപകടകമാണെന്നും പിൻവലിക്കണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ബില്‍ ചർച്ചയിൽ ആവശ്യപ്പെട്ടു.
ഒരു വർഷം മുമ്പ് അമേരിക്കയിൽ വമ്പൻ ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ബ്രയാൻ തോമസിനെ ഒരാൾ വെടിവെച്ച് കൊന്നത് ക്ലെയിമുകൾ നിരാകരിക്കുന്നുവെന്ന് ആരോപിച്ചാണ്. ഇൻഷുറൻസ് കമ്പനികൾക്കെതിരായി വലിയ ജനവികാരമാണ് അമേരിക്കയിൽ പോലുമുള്ളത്. അത്തരം കമ്പനികളെയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടു വരുന്നത്.
വിദേശ ഇൻഷുറൻസ് കമ്പനികൾക്കായി വാതിൽ തുറക്കുന്നത് അടിമ മനോഭാവമാണ്. ‘മൈ ഫ്രണ്ട്’ ട്രംപിനായുള്ള പുതിയ നിയമനിർമാണമാണിത്. എന്നാൽ മൂലധനം രാജ്യത്ത് നിന്ന് പുറത്തേക്ക് ഒഴുകും. രൂപയുടെ മൂല്യം 91 ലേക്ക് ഇടിഞ്ഞു. പുറത്തേക്ക് ഒഴുകുന്ന മൂലധനത്തെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് 100 ശതമാനം എഫ്‌ഡിഐ നീക്കം.
നിലവിൽ 74 ശതമാനം എഫ്‌ഡിഐ അനുവദനീയമാണെങ്കിലും 32.67 ശതമാനം മാത്രമാണ് ഇൻഷുറൻസ് കമ്പനികളിലെ എഫ്‌ഡിഐ. ഒമ്പത് വിദേശകമ്പനികൾ ഇതിനോടകം പിൻവാങ്ങി. ലാഭം മാത്രം ലക്ഷ്യമിട്ടാകും വിദേശ കമ്പനികൾ വരുന്നത്. സമ്പന്നർക്ക് മാത്രമാകും അവരുടെ സേവനം. കൂടുതൽ മേഖലയിലേക്ക് ഇൻഷുറൻസ് എന്ന സർക്കാർ അവകാശവാദം നിലനിൽക്കില്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.









0 comments