കടുവകളുടെ മരണ നിരക്ക് ഉയരുന്നു; 2025 മാത്രം 166 എണ്ണം ചത്തു

ന്യൂഡൽഹി: ഇന്ത്യയിൽ കടുവകളുടെ മരണനിരക്ക് ഉയരുന്നു. 2025ൽ രാജ്യത്ത് 166 കടുവകൾ ചത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെക്കാൾ 40 എണ്ണത്തിന്റെ വർധന ഉണ്ടായെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) വിവിധ സംസ്ഥാന വനംവകുപ്പുകളും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 126 കടുവകളാണ് ചത്തിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 55 കടുവകളാണ് ഇവിടെ ചത്തത്. മഹാരാഷ്ട്ര (38), കർണാടക (15), കേരളം (13) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. വേട്ടയാടൽ മൂലവും വാഹനാപകടങ്ങളിൽപ്പെട്ടും കടുവകൾ ചത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 166 മരണങ്ങളിൽ 42 എണ്ണം വേട്ടയാടൽ മൂലമാണ്. വൈദ്യുതാഘാതമേറ്റ് 31 കടുവകളും അപകടങ്ങളിൽപ്പെട്ട് 19 കടുവകളും ചത്തു.
അതേസമയം വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും ചേർന്ന് നടത്തുന്ന കടുവ സെൻസസ് തുടരുകയാണ്. സെൻസസിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സെൻസസിന്റെ ആദ്യഘട്ടം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്. നാല് വർഷത്തിലൊരിക്കലാണ് സെൻസസ്. മുൻ വർഷങ്ങളിൽ വ്യത്യസ്തമായി ‘എം സ്‌ട്രൈപ്‌സസ്' ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണ് കണക്കെടുപ്പ്.










0 comments