ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവർത്തിക്കണം; ഇന്ത്യൻ സംഘം റഷ്യയിൽ

മോസ്കോ: ഭീകരവാദത്തിനെതിരെ ആഗോള പിന്തുണതേടി ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം റഷ്യയിലെത്തി. തമിഴ് നാട്ടിൽ നിന്നുള്ള ലോക്‌സഭ എംപി കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റഷ്യയിലെത്തിയത്. റഷ്യൻ നേതൃത്വവുമായുള്ള ഇന്ത്യൻ സംഘത്തിന്റെ ചർച്ചയിൽ ഇരുരാജ്യങ്ങളും ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവർത്തിക്കണമെന്ന് വിലയിരുത്തി.
മോസ്‌കോയിലെത്തിയ സംഘം റഷ്യൻ വിദേശകാര്യ മന്ത്രാലയം അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തുകയും ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും നയതന്ത്രതലത്തിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് ചർച്ചയിൽ വിലയിരുത്തുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് ചർച്ചയിൽ ഇന്ത്യ അറിയിച്ചു.
റഷ്യൻ പാർലമെന്റ് പ്രതിനിധികളുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്‌ച നടത്തി. ഇരുകൂട്ടരും കാലങ്ങളായുള്ള ഇന്ത്യ–റഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും പരസ്‌പര വിശ്വാസത്തെ കുറിച്ചും സംസാരിച്ചു. ആഗോള സുരക്ഷാ സംവിധാനങ്ങൾ, ഉയർന്നുവരുന്ന ഭൗമരാഷ്ട്രീയ വിന്യാസങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. ഭീകരവാദത്തിനെതിരെ കൂട്ടായ നടപടിയുടെ അനിവാര്യത, ഭീകര സംഘടനകൾക്ക് താവളങ്ങൾ നിഷേധിക്കുക, ധനസഹായം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും ഇന്ത്യൻ പ്രതിനിധി സംഘം സംസാരിച്ചു.
0 comments