ad
Deshabhimani

ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ മടങ്ങുന്നു; ആദ്യ സംഘം അർമേനിയ വഴി മാർച്ച് 15-ന് ഡൽഹിയിലെത്തും

Iran.jpg

അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണം

വെബ് ഡെസ്ക്

Published on Mar 11, 2026, 06:29 PM | 1 min read

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം ആരംഭിക്കുന്നു. ഏകദേശം നൂറോളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ആദ്യ സംഘം അർമേനിയൻ അതിർത്തി വഴി മാർച്ച് 14, 15 തീയതികളിൽ ഇന്ത്യയിലെത്തും.


തെഹ്‌റാൻ, ഉർമിയ, ഷിറാസ് തുടങ്ങിയ സർവ്വകലാശാലകളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് നിലവിൽ മടങ്ങാനൊരുങ്ങുന്നത്. ഇറാനിലെ വ്യോമപാതകളിൽ നിയന്ത്രണമുള്ളതിനാൽ കരമാർഗ്ഗം അർമേനിയയിലെത്തി അവിടെ നിന്ന് ദുബായ് വഴി ഡൽഹിയിലെത്താനാണ് പദ്ധതി.


ഉർമിയ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ മുപ്പതോളം വിദ്യാർത്ഥികൾ ഇതിനകം ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. മാർച്ച് 15-ന് പുലർച്ചെ 1.25-ഓടെ ഇവർ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.


ഷിറാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അസർബൈജാൻ വഴിയുള്ള യാത്രാ സൗകര്യവും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികളുടെ മടക്കം ക്രമീകരിച്ചിരിക്കുന്നത്.


എംബസി ഒരുക്കുന്ന ബസുകളിൽ ഖോമിലെത്തി അവിടെ നിന്ന് അർമേനിയൻ അതിർത്തിയിലേക്ക് പോകാനാണ് നിർദ്ദേശം. എന്നാൽ നിലവിൽ ഔദ്യോഗികമായ വലിയൊരു ഒഴിപ്പിക്കൽ പദ്ധതിയല്ല ഇതെന്നും വിദ്യാർത്ഥികൾ സ്വന്തം ഉത്തരവാദിത്തത്തിലാണ് മടങ്ങുന്നതെന്നും എംബസി അറിയിച്ചിട്ടുണ്ട്.


വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്രാ സഹായങ്ങളും അതിർത്തി കടക്കാനുള്ള പെർമിറ്റുകളും എംബസി ഉറപ്പാക്കും. ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ നാലായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.


സംഘർഷം രൂക്ഷമായതോടെ തങ്ങൾ സുരക്ഷിതരല്ലെന്ന ആശങ്ക വിദ്യാർത്ഥികളും കുടുംബങ്ങളും പങ്കുവെച്ചിരുന്നു. ആദ്യ സംഘം സുരക്ഷിതമായി നാട്ടിലെത്തുന്നതോടെ കൂടുതൽ വിദ്യാർത്ഥികളെ ഇതേ പാതയിലൂടെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home