ഇറാൻ പെട്രോളിയം ഉൽപ്പന്നങ്ങൾ; ഇന്ത്യൻ ഡീലർമാർക്ക് യുഎസ് ഉപരോധം
print edition വ്യാപാര സംഘർഷം ലഘൂകരിക്കാൻ നീക്കം ; യുഎസിൽനിന്ന് ഇന്ത്യ 9.28 കോടി ഡോളറിന്റെ ആയുധം വാങ്ങും

വാഷിങ്‌ടൺ
വ്യാപാര സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഇന്ത്യക്ക് 9.28 കോടി ഡോളറിന്റെ ആയുധം വിൽക്കുന്നു. ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും എക്‌സ്‌കാലിബർ പ്രിസിഷൻ ആർട്ടിലറി പ്രൊജക്‌ടൈലുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ വാങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്‌ടണിൽ പ്രസിഡന്റ് ഡോണ ൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തി ഒമ്പത് മാസത്തിന് ശേഷമാണ് ആയുധ ഇടപാട്.
കൂടുതൽ യുഎസ് നിർമിത ആയുധങ്ങൾ വാങ്ങാൻ ട്രംപ് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യ, റഷ്യയിൽനിന്ന് വിവിധതരം ആയുധങ്ങൾ വാങ്ങാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഎസ് ആയുധവിൽപ്പന. റഷ്യയിൽനിന്നാണ് ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത്. എന്നാൽ 2017നും 2023നും ഇടയിൽ യുഎസിൽനിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നത് വർധിപ്പിച്ചു.
ഇതോടെ റഷ്യയുമായുള്ള ഇടപാട് 62ശതമാനത്തിൽ നിന്ന് 34 ശതമാനമായി കുറഞ്ഞു. ഇക്കാലയളവിൽ യുഎസുമായുള്ള ഇന്ത്യയുടെ പ്രതിരോധ വ്യാപാരം പൂജ്യത്തിൽ നിന്ന് 2000 കോടി ഡോളറായി ഉയർന്നു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാൻ ഇന്ത്യക്ക് ഇൗ ആയുധങ്ങൾ സഹായിക്കുമെന്ന് യുഎസ് വിദേശ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സിഎ) പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് 50 ശതമാനം അധിക തീരുവ അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടന്നാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതും ഇപ്പോൾ യുഎസിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതും.
ഇറാൻ പെട്രോളിയം ഉൽപ്പന്നങ്ങൾ; ഇന്ത്യൻ ഡീലർമാർക്ക് യുഎസ് ഉപരോധം
ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. സൈർ ഹുസൈൻ ഇക്ബാൽ ഹുസൈൻ സയ്യിദ്, സുൽഫിക്കർ ഹുസൈൻ റിസ്‌വി സയ്യിദ്, മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള ആർഎൻ ഷിപ്പ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പുണെ ആസ്ഥാനമായുള്ള ടിആർ6 പെട്രോ ഇന്ത്യ എൽഎൽപി എന്നിവയ്‌ക്കാണ് ഉപരോധം.
ഈ വ്യാപാരത്തിൽനിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് തെഹ്‌റാന്റെ പ്രാദേശിക തീവ്രവാദ സംഘടനകളെ പിന്തുണയ്‌ക്കുകയും യുഎസിന് "നേരിട്ട് ഭീഷണിയായ’ ആയുധങ്ങൾ വാങ്ങുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഉപരോധം.
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുമായി ബന്ധമുള്ള ഷിപ്പിങ് നെറ്റ്‌വർക്കുകളെയും എയർലൈനുകളെയും അനുബന്ധ സ്ഥാപനങ്ങളെയും യുഎസ് വിദേശ, ട്രഷറി വകുപ്പുകൾ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്കുപുറമെ പാനമ, സീഷെൽസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലായി 17 സ്ഥാപനങ്ങളും വ്യക്തികളും കപ്പലുകളും നിരീക്ഷണത്തിലാണ്.









0 comments