print edition താലിബാനുമായി ബന്ധം ശക്തിപ്പെടുത്തി മോദി സർക്കാർ ; അഫ്ഗാനിലേക്ക് എയർ കാർഗോ സർവീസ്

ന്യൂഡൽഹി
അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി സൗഹൃദം ദൃഢപ്പെടുത്തി മോദി സർക്കാർ. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്‌ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും എയർകാർഗോ സർവീസ് പുനരാരംഭിക്കും.
അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ താലിബാൻ വ്യാപാര മന്ത്രി അൽഹജ് നൂറുദ്ദീൻ അസീസിയുമായി വിദേശമന്ത്രി എസ് ജയ്‌ശങ്കർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് എയർ കാർഗോ സർവീസ് പുനരാരംഭിക്കാൻ ധാരണയായത്. കാബൂൾ–ഡൽഹി, കാബൂൾ–അമൃത്‌സർ റൂട്ടിലാണ് എയർകാർഗോ സർവീസുകൾ തുടങ്ങുക. അഫ്‌ഗാനും ഇന്ത്യയുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധം ശക്തിപ്പെടാൻ എയർ കാർഗോ സേവനം വഴിയൊരുക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിനുശേഷം അഫ്‌ഗാനിൽനിന്ന് പാകിസ്ഥാൻ വഴി കരമാർഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് വ്യോമമാർഗമുള്ള ചരക്കുനീക്കം.
അഫ്‌ഗാനിലെ താലിബാൻ സർക്കാരിനെ ഇപ്പോഴും ഒൗദ്യോഗികമായി മോദി സർക്കാർ അംഗീകരിച്ചിട്ടില്ല. എന്നാൽ ഇൗ വർഷം തുടക്കം മുതൽ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. ഒക്‌ടോബറിൽ അഫ്‌ഗാൻ വിദേശമന്ത്രി അമീർ ഖാൻ മുത്തഖി ആറ് ദിവസം ഇന്ത്യ സന്ദര്‍ശിച്ചു. വലിയ സ്വീകരണമാണ് മോദി സർക്കാർ ഒരുക്കിയത്. കാബൂളിലെ ഇന്ത്യൻ എംബസിയിൽ അംബാസഡറെ അടക്കം നിയമിച്ചു. താലിബാൻ ഭരണത്തെ പ്രതിനിധീകരിക്കുന്ന രണ്ട് നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യയിൽ അനുമതിയും നൽകി.









0 comments