പശ്ചിമേഷ്യൻ പ്രതിസന്ധി; ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം വർധിച്ചു

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും കാരണം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം വീണ്ടും വർധിച്ചു. മുൻപ് ലഭിച്ചിരുന്ന വൻ ഡിസ്‌കൗണ്ടിന് പകരം ഇപ്പോൾ റഷ്യൻ എണ്ണക്ക് ഇന്ത്യ അധിക തുക നൽകുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതോടെ ഇന്ത്യ 2.5 ശതമാനം അധിക തുക നൽകിയാണ് ഇപ്പോൾ എണ്ണ വാങ്ങുന്നത്. 2025-26 കാലയളവിൽ റഷ്യൻ എണ്ണക്ക് ശരാശരി 3.9 ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ആഗോള വിപണിയിലെ വിലക്കയറ്റവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണ തടസവുമാണ് റഷ്യൻ എണ്ണയുടെ വില ഉയരാൻ കാരണമായത്. മാർച്ചിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ടണ്ണിന് ശരാശരി 601 ഡോളർ ചെലവായപ്പോൾ റഷ്യൻ എണ്ണക്കായി ഇന്ത്യ 616 ഡോളർ നൽകേണ്ടി വന്നു.
ജനുവരിയിൽ റഷ്യൻ എണ്ണയുടെ വിഹിതം 19 ശതമാനമായി കുറഞ്ഞിരുന്നിടത്തുനിന്ന് മാർച്ച് ആയപ്പോഴേക്കും ഇത് 33.3 ശതമാനമായി ഉയർന്നു. ഫെബ്രുവരി 28ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗൾഫ് രാജ്യങ്ങളെയും അമേരിക്കയെയും ആശ്രയിക്കുന്നത് കുറക്കാൻ ഇന്ത്യ നിർബന്ധിതരായി. സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സംയുക്ത വിഹിതം ഫെബ്രുവരിയിലെ 55 ശതമാനത്തിൽ നിന്ന് മാർച്ചിൽ 42.3 ശതമാനമായി കുറഞ്ഞു.
വിതരണ പാതകളിലെ പ്രതിസന്ധി കാരണം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞ് 15.8 ദശലക്ഷം മെട്രിക് ടണ്ണായാണ് ഇറക്കുമതി ചുരുങ്ങിയത്. ഇതേസമയം റഷ്യക്ക് നൽകിയ ആകെ തുക മാർച്ചിൽ 3.2 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. ഇത് ഫെബ്രുവരിയെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ്. സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് എണ്ണ വാങ്ങുമെന്ന നയതന്ത്ര നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. അമേരിക്കയുടെ ഉപരോധം ഭയന്നാണ് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് അടച്ചതോടെയാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ അമേരിക്കയുടെ അനുമതി തേടിയത്.










0 comments