അമേരിക്കൻ 'നോ' മറികടന്ന് ഇന്ത്യ; റഷ്യയുമായി ഇന്ധന കരാറിലേക്ക്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും നരേന്ദ്ര മോദിയും
ന്യൂഡൽഹി : യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി റഷ്യയിൽ നിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന നടപടികൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് - ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ നീക്കം തടസപ്പെട്ടു. ഇതോടെയാണ് റഷ്യയിൽ നിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്.
അമേരിക്ക വിലക്കിയതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനവും മറ്റും ഇറക്കുമതി ചെയ്യുന്നത് വെട്ടിക്കുറച്ചത്. പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തിന്റെ പരമാധികരം പണയംവച്ച് അമേരിക്കയുടെ അനുമതി വാങ്ങിയാണ് റഷ്യയിൽ നിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്.
മാർച്ച് 19ന് ഡൽഹിയിൽ വച്ച് റഷ്യൻ ഡെപ്യൂട്ടി എനർജി മിനിസ്റ്റർ പാവൽ സോറോക്കിനും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറക്കുമതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കാലുള്ള ധാരണയായത്. ഈ നീക്കവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ റഷ്യയുമായി കരാർ ഒപ്പിട്ടേക്കും. എന്നാൽ ഈ കരാർ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ ലംഘനമാകാൻ സാധ്യതയുണ്ട്. ഇത് അമേരിക്കയെ ചൊടിപ്പിക്കുമോ എന്നും കാത്തിരിക്കണം.
ജനുവരിയിൽ അമേരിക്കയുമായി വ്യാപാരകരാറിലെത്താൻ തീരുമാനിച്ചതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് വെട്ടിക്കുറച്ചത്. ക്രൂഡ് ഓയിൽ വിതരണം വർധിപ്പിക്കുന്നതിന് ഇരുരാജ്യവും ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ കുറഞ്ഞത് 40 ശതമാനമെങ്കിലും റഷ്യയിൽ നിന്നാകാൻ സാധ്യതയുണ്ട്.
യുക്രൈനുമായി യുദ്ധം ആരംഭിച്ചശേഷം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകിക്കൊണ്ട് ഏകദേശം 4,400 കോടി ഡോളർ മൂല്യമുള്ള ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയിരുന്നു. റഷ്യയുമായുള്ള ഇടപാടുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഉപരോധത്തിൽ ഉൾപ്പെടാത്ത എൽപിജി റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.










0 comments