സമരതന്ത്രങ്ങൾക്ക് രൂപംകൊടുത്ത് ഇന്ത്യ കൂട്ടായ്‌മ

ന്യൂഡൽഹി
പാർലമെന്റിന് അകത്തും പുറത്തും കേന്ദ്രസർക്കാരിന്റെ വീഴ്‌ച്ചകൾ തുറന്നുകാണിക്കാനുള്ള സമരതന്ത്രങ്ങൾക്ക് രൂപം കൊടുത്ത് ഇന്ത്യ കൂട്ടായ്‌മ യോഗം. ഓൺലൈനിലൂടെ ചേർന്ന യോഗത്തിൽ 24 പ്രതിപക്ഷ പാർടികളുടെ നേതാക്കൾ പങ്കെടുത്തു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും രാജ്യസഭാകക്ഷി നേതാവ് ജോൺബ്രിട്ടാസും സംസാരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സുരക്ഷാവീഴ്‌ച, ബിഹാർ വോട്ടർപട്ടിക പുനഃപരിശോധനയുടെ പേരിലുള്ള ജനാധിപത്യവിരുദ്ധ നീക്കം, പ്രഖ്യാപിത വിദേശനയത്തിൽ നിന്നുള്ള വ്യതിചലനങ്ങൾ, ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, ബംഗാളി ഭാഷ സംസാരിക്കുന്നവർക്ക് എതിരായ കടന്നാക്രമണം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, സംസ്ഥാനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ ഒറ്റക്കെട്ടായി ദേശീയ, സംസ്ഥാനതലങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കാനും ധാരണയായി.
ബിഹാറിലെ വോട്ടവകാശ നിഷേധത്തിന് എതിരെ ഇന്ത്യ കൂട്ടായ്‌മയുടെ പ്രമുഖ നേതാക്കളും എംപിമാരും പങ്കെടുക്കുന്ന ദേശീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ആഗസ്‌ത് ആദ്യം നേതാക്കളുടെ യോഗം ചേരും. രാജ്യത്തെ ജനാധിപത്യപ്രക്രിയയെ തന്നെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഭാഗത്ത് വോട്ടർമാരെ കൂട്ടത്തോടെ വോട്ടർപ്പട്ടികയിൽ നിന്ന് വെട്ടിമാറ്റുമ്പോൾ മറുഭാഗത്ത് സംഘപരിവാർ നിർദേശിക്കുന്ന ആൾക്കാരെ ചട്ടങ്ങൾ ലംഘിച്ച് ഉൾപ്പെടുത്താനാണ് നോക്കുന്നത്. ബൂത്തുതല ഉദ്യോഗസ്ഥർക്ക് ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയതായാണ് റിപ്പോർട്ട്. ആസൂത്രിതമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണിത്. ഇതുൾപ്പടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ പ്രതിപ്രക്ഷം ഉന്നയിക്കുമെന്നും എം എ ബേബി പറഞ്ഞു.









0 comments