ad
Deshabhimani

ഗൾഫ് രാജ്യങ്ങളുമായി വ്യാപാര കരാര്‍, പരിഗണനാ വിഷയങ്ങളിൽ ധാരണ

FTA Gulf
വെബ് ഡെസ്ക്

Published on Feb 09, 2026, 05:38 PM | 2 min read

ന്യൂഡൽഹി: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ,ഖത്തർ,കുവൈറ്റ്,ബഹ്‌റൈൻ എന്നീ ആറ് അറബ് രാജ്യങ്ങൾ ഉൾപ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യ പുനരാരംഭിച്ചു. എഫ്ടിഎ കരാറിന്റെ പരിഗണനാ വിഷയങ്ങളിൽ (ടേംസ് ഓഫ് റഫറൻസ്) ധാരണയായി.


കാൽ നൂറ്റാണ്ട് മുൻപ് ആരംഭിച്ച ചര്‍ച്ചകളാണ് ട്രംപും അമേരിക്കയും ഉയര്‍ത്തിയ താരിഫ് സമ്മര്‍ദ്ദ യുദ്ധത്തിന് ശേഷം വീണ്ടും സജീവമാക്കുന്നത്. ഏകദേശം10ദശലക്ഷം ഇന്ത്യക്കാർ ജിസിസി രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ജിസിസി രാജ്യങ്ങൾ 2.3 ട്രില്യൺ യുഎസ് ഡോളറിന്റെ വിപണിയെ പ്രതിനിധീകരിക്കുന്നു. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ 9-ാം സ്ഥാനത്താണ്.


2022-ൽ തന്നെ ഇന്ത്യ യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാറിലെത്തിയിരുന്നു. ഒമാനുമായി 2025ഡിസംബറിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും(സിഇപിഎ)ഒപ്പുവെച്ചു. പക്ഷേ ഇടപാടുകൾ മുന്നോട്ട് പോയില്ല. ഇപ്പോൾ ഗൾഫ് സഹകരണ കൗൺസിലിൽ ഉൾപ്പെട്ട ഇതരരാജ്യങ്ങളുമായും സമാന സഹകരണം തേടുകയാണ്.


സൗദി അറേബ്യ,യുഎഇ,ഒമാൻ,കുവൈത്ത്,ഖത്തർ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി).ഈ മേഖലയിലെ ഗണ്യമായ എണ്ണ,വാതകശേഖരം ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് വലിയ പ്രാധാന്യമുള്ളതാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഈ രാജ്യങ്ങളിലാണ് എന്നത് കരാറിന് മുതൽക്കൂട്ടാവും.


ഡൊണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ വ്യാപാര നികുതി യുദ്ധം പ്രഖ്യാപിച്ചതോടെയാണ് ഇത്തരം രാജ്യങ്ങളുമായും വ്യാപര ബന്ധം ദൃ‍‍ഡപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വേഗത്തിൽ എത്തിച്ചേര്‍ന്നിരിക്കുന്നത്. യു എ ഇയുമായി മൂന്ന് വര്‍ഷം മുൻപ് ധാരണയിലെത്തി എങ്കിലും ഈ മേഖലിയിൽ പിന്നീട് ചലനങ്ങൾ ഉണ്ടായില്ല. ഇപ്പോൾ അമേരിക്ക നൽകിയ തിരിച്ചടി പുതിയ തിരിച്ചറിവിന് പിന്നിൽ പ്രേരണയായി. ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15.42ശതമാനം ഉൾക്കൊള്ളുന്നതാണ് ഗൾഫ് മേഖല.


എഫ്ടിഎ നിബന്ധനകളായി


ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന്റെ നിബന്ധനകൾ (ToR) വാണിജ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ അജയ് ഭാദൂവും ഗൾഫ് സഹകരണ കൗൺസിലിന്റെ സെക്രട്ടേറിയറ്റ് ജനറൽ ചീഫ് നെഗോഷ്യേറ്റർ ഡോ. രാജ അൽ മർസൂഖിയും തമ്മിൽ 2026 ഫെബ്രുവരി 5 ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവെക്കൽ നടന്നത്.


വര്‍ധിക്കുന്ന വ്യാപാര കമ്മി


ഇന്ത്യയിൽ നിന്ന് ജിസിസിയിലേക്കുള്ള പ്രധാന കയറ്റുമതിയിൽ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, അരി, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജിസിസിയിൽ നിന്നുള്ള ഇറക്കുമതിയുടെ പ്രധാന മേഖലകളിൽ പ്രധാനമായും അസംസ്കൃത എണ്ണ, എൽഎൻജി, പെട്രോകെമിക്കൽസ്, സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു.


2024-25സാമ്പത്തിക വർഷത്തിൽ, ഇന്ത്യ-ജിസിസി ഉഭയകക്ഷി വ്യാപാരം 178.56ബില്യൺ യു.എസ്.ഡോളറിലെത്തിയിരുന്നു. 56.87ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നപ്പോൾ,ഇറക്കുമതി 121.68ബില്യൺ ഡോളറിന്റേതായിരുന്നു. വലിയ വ്യാപാര കമ്മിയാണ് നിലനിൽക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പ്രോത്സാഹനമില്ലാതെ തുടരുന്ന സാഹചര്യമായിരുന്നു.


ജിസിസി രാജ്യങ്ങളിൽ തന്നെ യുഎഇയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി.100ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.ഇന്ത്യയുടെ കയറ്റുമതി36.63ബില്യൺ ഡോളറിന്റേതായിരുന്നു.അതേസമയം,ഇറക്കുമതി 63.40ബില്യൺ ഡോളറിന്റേതും.


സൗദിയിലേക്കുള്ള കയറ്റുമതി11.75ബില്യൺ ഡോളറിന്റേതും ഇറക്കുമതി30.12ബില്യൺ ഡോളറിന്റേതുമായിരുന്നു. ഖത്തറിൽ നിന്ന് 1.68ബില്യൺ ഡോളറിന്റെ ഇറക്കുമതി നടന്നപ്പോൾ 12.46ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നു. ഒമാന്റെ കാര്യത്തിൽ കയറ്റുമതി 4ബില്യൺ ഡോളറിന്റേതായിരുന്നു. അതേസമയം,ഇറക്കുമതി 6.54ബില്യൺ ഡോളറിന്റേതും.


കുവൈത്തിലേക്കുള്ള കയറ്റുമതി 1.93ബില്യൺ ഡോളറിന്റെയും ഇറക്കുമതി 8.28ബില്യൺഡോളറിന്റേതുമായിരുന്നു. അതുപോലെ1.64ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ബഹ്‌റൈനുമായിഉണ്ടായത്.


ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി 2000-മുതൽ ചർച്ചകൾ ആരംഭിച്ചിരുന്നു. 2004-ൽ കരാർ സംബന്ധിച്ച രൂപരേഖയിൽ ഒപ്പുവച്ചതോടെയാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. മുന്ന് വട്ട ചര്‍ച്ചകൾ നടന്നു എങ്കിലും മുന്നോട്ട് പോയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home