ഭിന്നശേഷിക്കാരനെ കബളിപ്പിച്ച് ഐഎഎസ് ഉദ്യോഗസ്ഥ തട്ടിയെടുത്തത് 95 ലക്ഷം രൂപ; ചോദിക്കുമ്പോൾ വധഭീഷണി

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഭിന്നശേഷിക്കാരനെ കബളിപ്പിച്ച് ഒരു കോടിയോളം രൂപ ഐഎഎസ് ഉദ്യോഗസ്ഥ തട്ടിയെടുത്തതായി പരാതി. ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ് ആരോപണം. കട്ടക്ക് ജില്ലയിലെ കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) പ്രദേശത്ത് സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കമൽ കുമാർ ഭാവ്‌സിങ്ക എന്നയാളെ വഞ്ചിച്ചുവെന്നാണ് ആരാധനയ്‌ക്കെതിരേയുള്ള കേസ്.
സ്ഥലം നൽകാമെന്ന് പറഞ്ഞ് 95 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. സ്ഥലം ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അത് ചിലവായിപ്പോയെന്ന് പറഞ്ഞ ആരാധന പരാതിക്കാർക്കു നേരെ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. കമലിന്റെ ഭാര്യ ബീന, രണ്ട് ദിവസങ്ങളിലായി ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ആരാധനയ്ക്ക് പണം നൽകിയത്.
സിഡിഎ ഫേസ് 2- പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പണമിടപാട് നടന്നതായി കണ്ടെത്തി. കുറച്ച് തുക, പണമായാണ് നൽകിയിട്ടുള്ളത്. അതേസമയം ആരാധന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇവർക്കെതിരേ നടപടി കൈക്കൊള്ളാനുള്ള അനുമതി തേടി പോലീസ് കമ്മിഷണർ, സംസ്ഥാന ആഭ്യന്തരവകുപ്പിനെയും പൊതുഭരണ വകുപ്പിനെയും സമീപിച്ചു.










0 comments