ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ഹൈദരാബാദ് സ്വദേശിക്ക് നഷ്ടമായത് 27 ലക്ഷം രൂപ

ഹൈദരാബാദ്: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയിൽ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തു. ആസിഫ് നഗർ സ്വദേശിയായ 38-കാരനാണ് തട്ടിപ്പിനിരയായത്.
ഫേസ്ബുക്കിലെ പരസ്യം വഴി വാട്സാപ്പ് ഗ്രൂപ്പിലെത്തിയ ഇയാളെ നിക്ഷേപ ഉപദേശകരെന്ന വ്യാജേന എത്തിയവരാണ് വലയിലാക്കിയത്. 'എഡിവിപിഎംഎ' എന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിക്ഷേപം നടത്താൻ ഇവർ ആവശ്യപ്പെട്ടത്.
തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ച പരാതിക്കാരന് ലാഭം ലഭിക്കുന്നുണ്ടെന്ന് ആപ്പിൽ കാണിച്ചിരുന്നു. ഇത് വിശ്വസിച്ച് പല ഘട്ടങ്ങളിലായി 27.05 ലക്ഷം രൂപ ഇയാൾ നിക്ഷേപിച്ചു. ആപ്പിലെ ബാലൻസ് 81.69 ലക്ഷമായി ഉയർന്നതായി കാണിച്ചെങ്കിലും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സൗകര്യം ബ്ലോക്ക് ചെയ്തു.
പണം തിരികെ ലഭിക്കാൻ 50 ലക്ഷം രൂപ കൂടി അധികം നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരൻ തിരിച്ചറിഞ്ഞത്. ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെബി അംഗീകാരമില്ലാത്ത നിക്ഷേപ പ്ലാറ്റ്‌ഫോമുകളെയും സോഷ്യൽ മീഡിയ വഴി എത്തുന്ന ആകർഷകമായ ഓഫറുകളെയും കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വൻ ലാഭം വാഗ്ദാനം ചെയ്യുന്ന ലിങ്കുകളിലോ വാട്സാപ്പ് ഗ്രൂപ്പുകളിലോ വീഴരുതെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ അറിയിച്ചു.









0 comments