പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ് 16കാരി; കുഞ്ഞിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നഴ്സിങ് ഹോമിൽ പ്രസവിച്ച 16കാരി നവജാത ശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. സംഭവത്തിൽ പെൺകുഞ്ഞ് മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്.
കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി കുടുംബാംഗങ്ങളാണ് പെൺകുട്ടിയെ ഉത്തർപാറയിലെ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ശുചിമുറിയിൽ പോയ പെൺകുട്ടി ആരുടെയും സഹായമില്ലാതെ പ്രസവിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞെന്നാണ് നഴ്സിങ് ഹോം അധികൃതരുടെ ആരോപണം.
രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വഴിയാത്രക്കാരൻ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നഴ്സ് കുഞ്ഞിനെ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകൾ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിങ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, നഴ്സിങ് ഹോമിൽ സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.







0 comments