യുപിയിൽ ദുരഭിമാനക്കൊല: അമ്മ മകളുടെ തലയറുത്തു, മൃതദേഹം കനാലിൽ തള്ളി

ലക്നൗ : ഉത്തർപ്രദേശിലെ മീററ്റിൽ ദുരഭിമാനക്കൊല. പ്രണയബന്ധത്തിന്റെ പേരിൽ അമ്മ പതിനേഴുകാരിയായ മകളുടെ തലയറുത്തു. ശേഷം മൃതദേഹം കനാലിൽ തള്ളി. മീററ്റിലെ പർതാപൂർ ഏരിയയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിയായ ആസ്തയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ബഹാദുർപൂർ ഗ്രാമത്തിലെ കനാലിൽ പ്രദേശവാസികൾ തലയില്ലാത്ത മൃതദേഹം കാണുന്നത്. മൃതദേഹത്തിൽ നിന്ന് കിട്ടിയ വസ്ത്രത്തിൽ സമീപഗ്രാമത്തിലുള്ള യുവാവിന്റെ പേരും നമ്പറുമുണ്ടായിരുന്നു. ഇതിൽ നിന്നാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സമീപഗ്രാമത്തിലുള്ള യുവാവുമായി ആസ്ത പ്രണയത്തിലായിരുന്നു. എന്നാൽ പ്രണയബന്ധത്തെ എതിർത്ത വീട്ടുകാർ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ആസ്തയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തല അറുക്കുകയായിരുന്നുവെന്ന് വീട്ടുകാർ സമ്മതിച്ചു. തല മറ്റൊരിടത്ത് ഉപേക്ഷിച്ച ശേഷം മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതിനുശേഷം പോലീസും ഫോറൻസിക് സംഘവും കനാൽ സ്ഥലത്തെത്തി. കനാലിലും പരിസര പ്രദേശങ്ങളിലും ഒരു കിലോമീറ്ററോളം തിരച്ചിൽ നടത്തിയെങ്കിലും തല കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ആസ്തയുമായി പ്രണയബന്ധത്തിലായിരുന്ന യുവാവിന്റെ പേരും നമ്പറുമാണ് വസ്ത്രത്തിൽ നിന്ന് കിട്ടിയത്. യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രണയബന്ധത്തിലേക്കും ആസ്തയുടെ വീട്ടുകാരെപ്പറ്റിയുമുള്ള വിവരങ്ങൾ ലഭിച്ചത്. ദുരഭിമാനക്കൊലയാകാമെന്ന സംശയത്തിൽ വീട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തായത്. അമ്മയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച ആസ്ത യുവാവുമായി ഫോണിൽ സംസാരിക്കുന്നത് അമ്മ കേട്ടിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സഹായത്തിനായി വീട്ടുകാരെ വിളിച്ചു. സഹോദരൻമാരുടെ സഹായത്തോടെയാണ് മൃതദേഹം കനാലിൽ തള്ളിയതെന്ന് ഇവർ സമ്മതിച്ചു.
ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രണയബന്ധം വീട്ടിലറിഞ്ഞതോടെ ആസ്തയെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു.









0 comments