മഹാരാഷ്ട്രയിൽ ദുരഭിമാനക്കൊല: റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ മകളെ വെടിവച്ചുകൊന്നു

മുംബൈ : മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ദുരഭിമാനക്കൊല. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്തതിന് സിആർപിഎഫ് ഉദ്യോഗസ്ഥൻ മകളെ വെടിവച്ചുകൊന്നു. മകളുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ചോപ്ദ തെഹ്സിലിലായിരുന്നു സംഭവം. റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനായ കിരൺ മാംഗ്ലെയാണ് മകൾ തൃപ്തിയെ വെടിവച്ചുകൊന്നത്.
ഒരു വർഷം മുമ്പാണ് തൃപ്തി അവിനാഷ് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. വിവാഹശേഷം പുണെയിലാണ് ഇരുവരും കഴിഞ്ഞത്. ഏപ്രിൽ 26ന് ഇരുവരും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചോപ്ദയിലെത്തിയിരുന്നു. ഇതറിഞ്ഞ കിരൺ തോക്കുമായി വിവാഹസ്ഥലത്തെത്തി ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തൃപ്തി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വിവാഹസ്ഥലത്തുണ്ടായിരുന്നവർ കിരണിനെ പൊലീസിലേൽപ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തൃപ്തി എംബിബിഎസ് ബിരുദധാരിയാണെന്നാണ് വിവരം. കിരണിന്റെ സമ്മതമില്ലാതെയാണ് തൃപതിയും അവിനാശും വിവാഹിതരായത്. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഏകദേശം അമ്പത് കിലോമീറ്ററോളം സഞ്ചരിച്ചെത്തിയാണ് കിരൺ മകളെ കൊലപ്പെടുത്തിയത്. കിരണും നിലവിൽ ചികിത്സയിലാണ്.









0 comments