‘ഈദ് ദിനത്തിൽ ചോരകൊണ്ട് ഹോളി നടത്തും'
print edition ഡൽഹിയിൽ പ്രകോപനവുമായി തീവ്രഹിന്ദുത്വ സംഘടനകൾ

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ തരുൺ കുമാർ (26) എന്ന യുവാവ് മരിച്ചതിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രത. ഈദ് ദിനത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ‘ഈദ് ദിനത്തിൽ ചോരകൊണ്ട് ഹോളി നടത്തും' എന്നതടക്കമുള്ള വിദ്വേഷ പ്രചാരണങ്ങളും മുസ്ലിം വിരുദ്ധ പ്രകടനങ്ങളും പ്രദേശത്ത് നടന്നു. പെൺകുട്ടി എറിഞ്ഞ വെള്ളം നിറച്ച ബലൂണിനെ ചൊല്ലി രണ്ട് സമുദായങ്ങളിൽപ്പെട്ട അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്.
‘50 വർഷത്തിലേറെയായി താമസിക്കുന്ന ഇവിടെനിന്ന് ഭയം കാരണം കുടുംബവുമൊത്ത് മാറിപ്പോകാൻ ഒരുങ്ങുകയാണിപ്പോൾ’– പ്രദേശവാസിയായ ജമീൽ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ബിജെപി അവസരം മുതലെടുക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കിഷൻഗഞ്ച് എംപി മൊഹമ്മദ് ജാവേദ് കത്തയച്ചു. സുരക്ഷയൊരുക്കിയെന്നും വിദ്വേഷ വീഡിയോകൾ നീക്കം ചെയ്യാൻ നിർദേശിച്ചെന്നുമാണ് എസിപി കുശാൽ പാൽ സിങ്ങിന്റെ മറുപടി.
ഹൈക്കോടതിയിൽ ഹർജി
വർഗീയ കലാപ നീക്കം ചെറുക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്‌ച പരിഗണിക്കാമെന്ന് ചീഫ് ജസ്‌റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ പറഞ്ഞുവെങ്കിലും പരിഗണിച്ചില്ല.










0 comments