print edition ഏക സിവിൽ കോഡുമായി ഗുജറാത്ത്: ലിവ് ഇൻ ബന്ധം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ തടവ്


സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ഭരണഘടനാപരമായ അവകാശങ്ങൾക്ക് കടകവിരുദ്ധമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ‘ഗുജറാത്ത് ഏക സിവിൽ കോഡ് ബിൽ’ സഭയിൽ അവതരിപ്പിച്ചു.
ലിവ് ഇൻ ബന്ധം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്‌തില്ലെങ്കില്‍ മൂന്നുമാസം തടവും പതിനായിരം രൂപ പിഴയും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. ലിവ് ഇൻ ബന്ധം സാക്ഷ്യപ്പെടുത്തി ജില്ലാ രജിസ്‌ട്രാർക്ക് സമ്മതപത്രം നൽകണമെന്നാണ് വ്യവസ്ഥ. ബലപ്രയോഗം, ഭീഷണി, ബലപ്രയോഗം എന്നിവയിലൂടൊണ് ലിവ് ഇന്‍ ബന്ധം തുടരുന്നതെങ്കില്‍ അഞ്ചുവർഷം തടവ് ശിക്ഷ നല്‍കാനും നിര്‍ദേശിക്കുന്നു. ബന്ധം അവസാനിപ്പിച്ചാല്‍ ഇക്കാര്യവും രജിസ്ട്രാറെ അറിയിക്കണം. ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതാണ് ഈ വ്യവസ്ഥകളെന്ന് വ്യാപക വിമർശം ഉയരുന്നു.
ഒരാള്‍ക്ക് ഒരു ഭാര്യയെ പാടുള്ളു. ഇതു ലംഘിച്ചാല്‍ ഏഴുവർഷം തടവ് ലഭിക്കും. പട്ടികവർഗക്കാർക്ക് ബിൽ ബാധകമല്ല. ‘നിക്കാഹ് ഹലാല’യ്‌ക്ക് പൂർണനിരോധനമേർപ്പെടുത്തി. ബില്‍ പാസ്സായാല്‍ ഉത്തരാഖണ്ഡിനുശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ ബിജെപി സംസ്ഥാനമാകും ഗുജറാത്ത്.ധൃതിപിടിച്ച് അവതരിപ്പിച്ച ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിൽ പ്രതിപക്ഷമായ കോൺഗ്രസ് പരാജയപ്പെട്ടു. ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ മാത്രം പറയുന്ന ഏക സിവിൽ കോഡിനെ വർഗീയധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഗുജറാത്തിലും ബിജെപി പിന്തുടരുന്നത്.









0 comments