മുഖ്യമന്ത്രിയുടെ ശബ്ദം അനുകരിച്ച് തട്ടിപ്പ്; അസമിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുവഹത്തി: അസമിൽ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടെയും ശബ്ദം മിമിക്രി ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് അനുകരിച്ച് കോടികൾ തട്ടിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദേബേശ്വർ ശർമ്മയെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ ധേമാജിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
സർക്കാർ കരാർ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ട ഒരാൾ വിജിലൻസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പത്ത് ലക്ഷം നൽകിയിട്ടും കരാർ ലഭിച്ചില്ല. മാത്രമല്ല, 40 ലക്ഷം അധികം ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയ കരാറുകാരൻ വിജിലൻസിനെ വിവരം അറിയിച്ചത്.
അന്വേഷണത്തിൽ ദേബേശ്വർ ശർമ്മ സമാന തട്ടിപ്പുകൾ മുമ്പും നടത്തിയതായി കണ്ടെത്തി. ഇരകളെ വിശ്വസിപ്പിക്കാനായി മിമിക്രി ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടേയും ശബ്ദങ്ങൾ അനുകരിച്ച് ഫോൺ ചെയ്തായിരുന്നു തട്ടിപ്പ്.
അന്വേഷണത്തിൽ കെകെ എന്റർപ്രൈസ്, ഡിബി എന്റർപ്രൈസ് എന്നീ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നും സർക്കാർ കരാറുകൾ നൽകാമെന്ന് പറഞ്ഞ് ഏകദേശം 2.5 കോടി രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തി. അസമിന് പുറത്തുനിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്.
ധേമാജിയിലും ഗുവാഹത്തിയിലുമുള്ള പ്രതിയുടെ വസതികളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ നിരവധി രേഖകളും 18 സിം കാർഡുകളും പിടിച്ചെടുത്തു. ഗുവാഹത്തിയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിദഗ്ധ അന്വേഷണം പുരോഗമിക്കുകയാണ്.









0 comments