ad
Deshabhimani

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയം; സർക്കാരുമായുള്ള ചർച്ച പരാജയം; വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക്

bank strike
വെബ് ഡെസ്ക്

Published on Sep 10, 2026, 07:53 AM | 2 min read

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങളോട് സഹകരിക്കാതെ മോദി സർക്കാർ. കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, സെപ്റ്റംബർ 11-ന് മുൻകൂട്ടി നിശ്ചയിച്ച രാജ്യവ്യാപക പണിമുടക്കുമായി മുന്നോട്ട് പോകാൻ ബാങ്ക് യൂണിയനുകൾ. സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.


ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് എന്ന പ്രധാന ആവശ്യത്തിൽ അനുകൂല തീരുമാനമോ വ്യക്തമായ സമയപരിധിയോ ലഭിക്കാതെ പണിമുടക്ക് മാറ്റിവെക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് വ്യക്തമാക്കി. സെപ്റ്റംബർ 11 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിഎഫ്എസ് പ്രതിനിധി അഭ്യർത്ഥിച്ചെങ്കിലും, അഞ്ച് ദിവസത്തെ ജോലി സമയം നടപ്പിലാക്കുന്നതിൽ തീരുമാനമാകാതെ സമരം മാറ്റിവെക്കാൻ കഴിയില്ലെന്ന നിലപാടിൽ യൂണിയനുകൾ ഉറച്ചുനിന്നു.


എസ്ബിഐ, സെപ്റ്റംബർ 11ലെ പണിമുടക്ക് സംബന്ധിച്ച് യുഎഫ്‌ബിയുവിൽ നിന്ന് നോട്ടീസ് ലഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. പണിമുടക്ക് ദിവസം ബ്രാഞ്ചുകളുടെയും ഓഫീസുകളുടെയും പ്രവർത്തനം സാധാരണ നിലയിലാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ബാങ്കിംഗ് പ്രവർത്തനങ്ങളെ സമരം ബാധിച്ചേക്കാമെന്ന് എസ്ബിഐ മുന്നറിയിപ്പ് നൽകി.


യുഎഫ്‌ബിയു പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളുടെ ആദ്യ ഘട്ടമാണ് സെപ്റ്റംബർ 11-ലെ സമരം. ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കും, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ബാങ്കിംഗ് ആഴ്ച, ഉഭയകക്ഷി ചർച്ചകളിലൂടെ പുതുക്കിയ പിഎൽഐ പദ്ധതി പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, നിലവിലുള്ള മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങൾ. അഞ്ച് ദിവസത്തെ ജോലി ആഴ്ച തന്നെയാണ് ഇവരുടെ പ്രാഥമിക ആവശ്യം.


അഞ്ച് ദിവസത്തെ ജോലി ആഴ്ച എന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. 2024 മാർച്ചുമാസത്തിൽ ഒപ്പുവെച്ച 12-ാം ഉഭയകക്ഷി കരാർപ്രകാരം, അധിക അവധി ദിനം നികത്തുന്നതിനായി തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രതിദിന ജോലി സമയം വർധിപ്പിച്ചുകൊണ്ട് അഞ്ച് ദിവസത്തെ ജോലി ആഴ്ച നടപ്പിലാക്കാൻ നിർദേശിച്ചിരുന്നു. ഈ നിർദേശം പിന്നീട് സർക്കാരിലേക്ക് ശുപാർശ ചെയ്തെങ്കിലും കേന്ദ്രം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.


ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിലെ ജോലി സമയം വർധിപ്പിക്കുന്നതിനാൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉപഭോക്താക്കൾക്കുള്ള ബാങ്കിംഗ് സമയത്തെ കാര്യമായി ബാധിക്കില്ലെന്ന് യൂണിയനുകൾ വാദിക്കുന്നു. മറ്റു പല ധനകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ ജോലി ക്രമം പിന്തുടരുന്ന കാര്യവും അവർ ചൂണ്ടിക്കാണിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന ചർച്ചകളിൽ യുഎഫ്‌ബിയു, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് , തൊഴിൽ വകുപ്പ് അധികൃതർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.


ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ , നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ , ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ , ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ് എന്നീ ഏഴ് പ്രധാന ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും യൂണിയനുകൾ ഉൾപ്പെടുന്നതാണ് യുഎഫ്‌ബിയു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home