നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി

അഹമ്മദാബാദ്: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണ് അപകടം. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കുഡാസൻ പ്രദേശത്ത് ബുധനാഴ്ച രാത്രി 9.15 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കുടുങ്ങിപ്പോയ മുഴുവൻ തൊഴിലാളികളെയും രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുഡാസനിലെ 'ബോസ്കി ദി എംപയർ' എന്ന വാണിജ്യ സമുച്ചയത്തിന്റെ നിർമാണ സ്ഥലത്താണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ഏകദേശം 15 ഓളം തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവർ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാദേശിക ഭരണകൂടം, പോലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ക്രെയിനുകളുപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കി കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഉടൻ തന്നെ ആംബുലൻസുകളിൽ ഗാന്ധിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.








0 comments