ക്രൂഡോയിൽ വില കൂപ്പുകുത്തിയിട്ടും ജനങ്ങളെ കൊള്ളയടിച്ച് മോദി സർക്കാർ; ഇന്ധനവില കുറയ്ക്കില്ലെന്ന് കടുംപിടുത്തം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയും ഇന്ത്യയുടെ ഇറക്കുമതിച്ചെലവും വൻതോതിൽ ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാതെ ജനങ്ങളെ പിഴിയാൻ കേന്ദ്ര സർക്കാർ നീക്കം. യുഎസ് - ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഉയർന്ന എണ്ണവില, സമാധാന ചർച്ചകളെ തുടർന്ന് വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് പതിച്ചിരിക്കുകയാണ്. എന്നിട്ടും ഇതിന്റെ ആനുകൂല്യം സാധാരണക്കാർക്ക് നൽകാതെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ 'നഷ്ടം നികത്തൽ' എന്ന കോർപ്പറേറ്റ് യുക്തി പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുകയാണ് മോദി സർക്കാർ.
കഴിഞ്ഞ മാർച്ചിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ ബാരലിന് 157 ഡോളർ വരെ ഉയർന്ന ഇന്ത്യൻ ക്രൂഡോയിൽ ബാസ്കറ്റിന്റെ ശരാശരി വില ഇപ്പോൾ 68.86 ഡോളറായാണ് കുറഞ്ഞത്. അതായത് വിലയിൽ പകുതിയിലധികം (56 ശതമാനത്തോളം) ഇടിവുണ്ടായി. ഇതിലൂടെ രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവിൽ കോടികളുടെ വൻ ലാഭമാണ് കേന്ദ്രത്തിന് ഉണ്ടാകുന്നത്.
നിലവിൽ എണ്ണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 5 മുതൽ 6 രൂപ വരെ ലാഭം കൊയ്യുന്നുണ്ടെന്നാണ് വിവരം. എന്നിട്ടും വില കുറയ്ക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തയ്യാറാകുന്നില്ല. യുദ്ധകാലത്ത് വരുത്തിവെച്ച നഷ്ടം നികത്താനും, എക്സൈസ് ഡ്യൂട്ടി ഇനത്തിൽ വരുമാനനഷ്ടം ഉണ്ടായെന്ന വാദമുയർത്തി അത് പൊതുജനങ്ങളിൽ നിന്ന് തന്നെ ഈടാക്കാനുമാണ് കേന്ദ്രത്തിന്റെ ഗൂഢനീക്കം.
കോർപ്പറേറ്റുകൾക്ക് കോടികളുടെ നികുതിയിളവ് നൽകുന്ന മോദി സർക്കാർ, അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ ഖജനാവ് വീർപ്പിക്കുന്നത് പതിവാക്കുകയാണ്. ക്രൂഡോയിൽ വില റെക്കോർഡ് താഴ്ചയിലായിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ രാജ്യവ്യാപകമായി ശക്തമായ ജനരോഷം ഉയരുകയാണ്.











0 comments