ad
Deshabhimani

കായപ്പൊടിയിലും മായം; എൽജി, എവറസ്റ്റ് ഉല്പന്നങ്ങൾക്ക് വിലക്ക്

Hing Powder
വെബ് ഡെസ്ക്

Published on Aug 29, 2026, 08:34 PM | 1 min read

ന്യൂഡൽഹി : എവറസ്റ്റ്, എൽജി എന്നീ കമ്പനികളുടെ കായപ്പൊടികൾ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി എഫ്‌എസ്‌എസ്‌എഐ. ഈ രണ്ട് ഉല്പന്നങ്ങളുടെയും വില്പന നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എവറസ്റ്റ് ഫുഡ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും, ലാൽജി ഗോധൂ ആൻഡ് കമ്പനിയുടെയും (എൽജി ബ്രാൻഡ് യൂണിറ്റ്) കായപ്പൊടിയാണ് നിരോധിച്ചത്. കായപ്പൊടിയുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താവിന്റെ പരാതിയെ തുടർന്നാണ് നടപടി.


എവറസ്റ്റിന്റെ കേന്ദ്രീകൃത ലൈസൻസുള്ള ഫാക്ടറിയിൽ നിന്നും മുംബൈയിലെ എൽജി ബ്രാൻഡ് യൂണിറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഒരു പ്രാഥമിക ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച എല്ലാ സാമ്പിളുകളും ​ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി എഫ്‌എസ്‌എസ്‌എഐ അറിയിച്ചു.


2011 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ഫുഡ് പ്രൊഡക്റ്റ്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ്) നിയമപ്രകാരം അംഗീകൃത ഭക്ഷ്യ ഉല്പന്നമാണ് കോമ്പൗണ്ടഡ് ഹിം​ഗ് അഥവാ കായപ്പൊടി. ഗം അറബിക്, സ്റ്റാർച്ച് തുടങ്ങിവയുമായി അസംസ്കൃത കായം ചേർത്താണ് ഇത് നിർമിക്കുന്നത്. കുറഞ്ഞത് 5 ശതമാനം ആൽക്കഹോൾ ലയിക്കുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ അസംസ്കൃത കായം കോമ്പൗണ്ടഡ് ഹിംഗിൽ അടങ്ങിയിരിക്കണം. എന്നാൽ പരിശോധിച്ച സാമ്പിളുകളിൽ 0-3 ശതമാനം ആൽക്കഹോൾ ലയിക്കുന്ന സത്ത് മാത്രമേ അടങ്ങിയിരുന്നുള്ളൂ.


മുംബൈയിലെ എൽജി ബ്രാൻഡ് യൂണിറ്റിൽ നിന്നുള്ള ആറ് തരം അസംസ്കൃത കായവും പരിശോധനക്ക് അയച്ചിരുന്നു. അസംസ്കൃത കായത്തിൽ അനുവദനീയമായ പരമാവധി സ്റ്റാർച്ചിന്റെ അളവ് 1 ശതമാനണ്. ലബോറട്ടറി പരിശോധനകളിൽ ആറ് ഇനങ്ങളിലും സ്റ്റാർച്ചിന്റെ അളവ് 15 മുതൽ 32 ശതമാനം വരെയാണെന്ന് കണ്ടെത്തി. നിലവിൽ വിപണിയിലുള്ള നിലവാരമില്ലാത്ത കായപ്പൊടി നിരോധിക്കാൻ എഫ്എസ്എസ്എഐ ഇരുകമ്പനികളോടും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home