യുഎസ് ആക്രമണമുണ്ടായാല്‍ ഡല്‍ഹിയിലും മുംബൈയിലും ബോംബിടും; ഭീഷണിയുമായി മുന്‍ പാക് ഹൈക്കമ്മീഷണര്‍

അബ്ദുല്‍ ബാസിത്
ന്യൂഡല്‍ഹി : യുഎസ് തങ്ങളുടെ രാജ്യത്തെ ആക്രമിച്ചാല്‍ ഇന്ത്യയ്ക്ക് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. യുഎസില്‍ നിന്ന് ആക്രമണം നേരിട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഇന്ത്യയിലെ ഡല്‍ഹി, മുംബൈ നഗരങ്ങരങ്ങളില്‍ ബോംബാക്രമണം നടത്തുമെന്ന് അബ്ദുല്‍ ബാസിത് പറഞ്ഞു.
പാക് ടെലിവിഷന്‍ ചാനലായ എബിഎന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. പാകിസ്ഥാന്‍റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ അപലപിച്ച യുഎസ് നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അബ്ദുല്‍ ബാസിത്.
'ഇറാനിലെ സ്ഥിതി കൂടുതല്‍ വഷളായാല്‍ ഇസ്രയേലിന്‍റെ കണ്ണ് പാകിസ്ഥാനിലാകും. തുടര്‍ന്ന് അമേരിക്ക ഞങ്ങളുടെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും? ഇന്ത്യ.. അതാണ് ഞങ്ങളുടെ മറുപടി. മറ്റാരുടെയെങ്കിലും ദൃഷ്ടി രാജ്യത്തിന് മേല്‍ പതിക്കുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഡല്‍ഹിയിലും മുംബൈയിലും ബോംബാക്രമണം നടത്തും', അബ്ദുല്‍ ബാസിത് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അബ്ദുല്‍ ബാസിത്തിന്‍റെ പരാമര്‍ശത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. 2014 മുതല്‍ 2017 വരെ പാകിസ്ഥാന്‍റെ ഉന്നത നയതന്ത്രജ്ഞനായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചയാളാണ് അബ്ദുല്‍ ബാസിത്.










0 comments