കനത്ത മഴയില്‍ എച്ച്പിസിഎൽ പ്ലാന്റില്‍ വെള്ളം കയറി, 3000 ത്തോളം ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ റായ്ഗഡിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എച്ച്പിസിഎൽ പ്ലാന്റിലെ 3000 ത്തോളം ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി.
പുഴയിലൂടെ ഗ്യാസ് സിലിണ്ടറുകൾ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പാതൽഗംഗ എൽപിജി ബോട്ട്ലിങ് പ്ലാന്റിലാണ് വെള്ളം കയറിയത്. അതിശക്തമായ മഴയിൽ പ്ലാന്റിന്റെ സുരക്ഷാഭിത്തി തകരുകയും വെള്ളം പ്ലാന്റിനുള്ളിലേക്ക് ഇരച്ചെത്തുകയുമായിരുന്നു. തുടർന്ന് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പാതൽഗംഗ പുഴയിലേക്കും ഖർപ്പടാ ക്രീക്കിലേക്കും ഒഴുകിപ്പോവുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പാലത്തിന് മുകളിൽ നിന്ന് പുഴയിലൂടെ ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോകുന്നത് കണ്ടത് ഞെട്ടലുണ്ടാക്കിയെന്ന് പരിസരവാസികൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകങ്ങൾ നിറച്ചിട്ടുണ്ടാകാം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തുന്ന ജനങ്ങൾ അവ ഉടൻ തന്നെ അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന് റായ്ഗഡ് കളക്ടർ കിഷൻ ജാവ്‌ലെ അറിയിച്ചു. കൂടാതെ ഗാസ് സിലിണ്ടറുകൾ വീട്ടിൽ കൊണ്ടുപോകുന്നതും തുറക്കുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.









0 comments