കനത്ത മഴ: അരുണാചലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, ​ഗതാഗതം തടസപ്പെട്ടു

Flash flood in Arunachal
വെബ് ഡെസ്ക്

Published on May 31, 2025, 05:39 PM | 2 min read

ഇറ്റാന​ഗർ : കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് നിരവധി ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. കനത്ത ജന ജീവിതത്തെ സാരമായി ബാധിച്ചതായി അധികൃതർ അറിയിച്ചു. അപ്പർ സുബാൻസിരിയിൽ, സിഗിൻ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജില്ലാ ആസ്ഥാനമായ ഡാപോറിജോയിൽ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായി അധികൃതർ പറഞ്ഞു.


പ്രതികൂല കാലാവസ്ഥ തുടർന്നതോടെ ജില്ലയിലെ 117 വീടുകളിൽ വെള്ളം കയറിയതോടെ ഉപകരണങ്ങൾക്കടക്കം കേടുപാടുകളുണ്ടായി. പോളോ കോളനി, സിഗം റിജോ, സിഗിൻ കോളനി, ബുക്പെൻ കോളനി, ഫോറസ്റ്റ് കോളനി എന്നിവയാണ് മഴ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.


ജില്ലാ ആസ്ഥാനമായ ബോംഡിലയിലെ പെറ്റലിംഗ് കോളനിയിൽ വെള്ളിയാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിലിൽ റോഡുകളുടെ ഒരു ഭാഗവും ഒരു വീടും ഒലിച്ചു പോയി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ണിടിച്ചിലിൽ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. പശ്ചിമ കാമെങ്ങിലെ നഫ്ര-നഖു-നച്ചിബോം ഗ്രാമങ്ങൾക്കും ബിച്ചോം ജില്ലയ്ക്കും ഇടയിലുള്ള റോഡ് ​ഗതാ​ഗതം പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടതോടെ നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. തുടർച്ചയായ മഴയെത്തുടർന്ന് മിയോങ് നദിയിലെ ജലനിരപ്പ് ഉയർന്നു. എങ്കിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെന്നും മിനി സെക്രട്ടേറിയറ്റിന് സമീപമുള്ള താമസക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വെസ്റ്റ് കമെങ് ജില്ലയിലെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, അരുവികൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഡിഡിഎംഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി ജലാശയങ്ങളിൽ ഇറങ്ങരുതെന്നും വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ ഉടൻ പ്രദേശത്തുനിന്ന് മാറണമെന്നും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


അപ്പർ സുബാൻസിരി ഡെപ്യൂട്ടി കമ്മീഷണർ ടാസ്സോ ഗാംബോ, അഡീഷണൽ ഡിസി ബിയാരോ സോറം, മറ്റ് ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പ്രതികരണ നടപടികൾ നിരീക്ഷിക്കുന്നതിനുമായി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശം നൽകി.


പൊലീസും ദുരന്തനിവാരണ സേനയും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അതീവ ജാഗ്രതയിലാണെന്നും ഏത് അടിയന്തര സാഹചര്യത്തിനും സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അപ്പർ സുബൻസിരി ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസർ താവ് എക്കെ പറഞ്ഞു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഭരണകൂടവും ദുരന്തനിവാരണ വകുപ്പും നാശനഷ്ടങ്ങൾ വിലയിരുത്തി ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.


വെസ്റ്റ് കമെങ് ജില്ലയിൽ, ബലിപാറ-ചാരിദുവാർ-തവാങ് (ബിസിടി) റോഡിൽ ജാമിരിക്ക് സമീപമുള്ള 35 ചരായിയിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ജില്ലയിലെ ജ്യോതി നഗർ, ദിരംഗ്, പത്മ, ദുർഗാ മന്ദിർ എന്നിവിടങ്ങളിൽ റോഡ് ​ഗതാ​ഗതം തടസപ്പെട്ടതായും റിപ്പോർട്ടുണ്ട്. ജാമിരിക്ക് സമീപം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ ഓഫീസർ (ഡിഡിഎംഒ) മിന്ദു യാങ്‌സോം പറഞ്ഞു.


വിവിധ ജില്ലകളിലെ നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അത്യാവശ്യമില്ലെങ്കിൽ രാത്രി യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കുറുങ് കുമേ, കാംലെ, ലോവർ സുബാൻസിരി ജില്ലകളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ രൂപം കൊണ്ട ന്യൂനമർദം മൂലം പ്രദേശത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലോവർ സുബൻസിരി, വെസ്റ്റ് കാമെങ്, വെസ്റ്റ് സിയാങ്, ലോഹിത്, ചാങ്‌ലാങ് എന്നീ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home