തൊഴിലുറപ്പ് പദ്ധതിയോട് അവഗണന ; വൻ പ്രതിഷേധമുയർത്താൻ കർഷകത്തൊഴിലാളി യൂണിയൻ

ന്യൂഡൽഹി : തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ നാമമാത്രമായ വർധനവ് മാത്രം വരുത്തിയ കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിക്കെതിരായി പ്രതിഷേധം സംഘടിപ്പിക്കാൻ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്‌തു. നാമമാത്ര വർധന അപലപനീയമാണ്.
2025–-26 വർഷത്തേക്കുള്ള തൊഴിലുറപ്പ് വേതനത്തിൽ രണ്ട് മുതൽ ഏഴ് ശതമാനം മാത്രമാണ് വർധന. വിലക്കയറ്റവും സാമ്പത്തികപ്രതിസന്ധിയും പരിഗണിക്കുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളുടെ നിലനിൽപ്പ് അപകടത്തിലാകുന്ന സാഹചര്യമാണുള്ളത്.
പദ്ധതിയിൽ തൊഴിലാളികളുടെ പങ്കാളിത്തം കുറയുന്നതിന് മുഖ്യകാരണം കുറഞ്ഞ വേതനമാണെന്ന് ഗ്രാമവികസന സ്‌റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2009–-10 വർഷം അടിസ്ഥാനമാക്കിയുള്ള കർഷകതൊഴിലാളികളുടെ ഉപഭോക്‌തൃവിലസൂചിക കണക്കിലെടുത്താണ് തൊഴിലുറപ്പ് വേതനം നിശ്‌ചയിക്കുന്നത്. ഈ സൂചിക കാലഹരണപ്പെട്ടതാണെന്ന് സ്‌റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വേതന സൂചിക 2014 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് മഹേന്ദ്രദേവ് കമ്മിറ്റിയും നിർദേശിച്ചിട്ടുണ്ട്.
വേനൽകാലത്തും മറ്റും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചിരുന്ന പ്രത്യേകാനുകൂല്യങ്ങളും ബിജെപി സർക്കാർ എടുത്തുകളഞ്ഞു–- കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവനും സെക്രട്ടറി ബി വെങ്കട്ടും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments