ട്രംപിന് തിരിച്ചടി ; 102 ഇന്ത്യൻ സമുദ്രോൽപ്പന്ന കമ്പനികള്‍ക്ക് ഇയു അംഗീകാരം

കൊച്ചി
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കം സൃഷ്ടിച്ച ആഘാതത്തില്‍ സ്തംഭിച്ച ഇന്ത്യന്‍ സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയ്ക്ക് നവജീവന്‍ പകര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു). ഇന്ത്യയില്‍നിന്നുള്ള പുതിയ 102 സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങൾ കൂടി അംഗീകാരം നൽകി. ഇതോടെ ഇയു അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 538-ല്‍നിന്ന് 604 ആയി. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയാണ് ഇയുവിന്റെ അംഗീകാരം.
ഇന്ത്യന്‍ സമുദ്രോൽപ്പന്നങ്ങളുടെ മൂന്നാമത്തെ വലിയ വിപണിയാണ് യൂറോപ്യന്‍ യൂണിയന്‍.
ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 15 ശതമാനത്തിലധികം ഇയുവിലേക്കാണ്. ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിവയാണ് യൂറോപ്പിലെ പ്രധാന വിപണി. സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)യുടെ കണക്കുപ്രകാരം 2024–-25 ല്‍ 9429.56 കോടിയുടെ 2,15,080 മെട്രിക് ടണ്‍ സമുദ്രോൽപ്പന്നമാണ് യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍. യുഎസിലേക്ക് കൂടുതല്‍ കയറ്റുമതിചെയ്തിരുന്ന ചെമ്മീനിലാണ് യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും കൂടുതല്‍ താല്‍പ്പര്യം. അമേരിക്കന്‍ വിപണി നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഇത് വലിയ പ്രതീക്ഷയേകുന്നു. വലിയ ലാഭസാധ്യതയുള്ള യൂറോപ്യന്‍ സമുദ്രോൽപ്പന്ന വിപണിയില്‍ ചുവടുറപ്പിക്കാന്‍ പുതിയ അംഗീകാരം സഹായകമാകുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി പറഞ്ഞു.









0 comments