വിമാനത്താവളങ്ങളിൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് നോട്ടീസ്

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: അതിജീവിതയുടെ പരാതിയെത്തുടർന്ന് ഒളിവിൽപോയ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്ത് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
പെൺകുട്ടിയുടെ പരാതിയിൽ ഒന്നാം പ്രതിയായ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വലിയമല പൊലീസ് കേസെടുത്ത് നേമം സ്‌റ്റേഷനിലേക്കു കൈമാറിയത്. ഗർഭഛിദ്രം നടത്തുന്നതിന് ഗുളിക എത്തിച്ച യൂത്ത് കോൺഗ്രസ് നേതാവും മാങ്കൂട്ടത്തിലിന്റെ സുഹൃത്തുമായ അടൂർ സ്വദേശി ജോബി ജോസഫ് കേസിൽ രണ്ടാം പ്രതിയാണ്. ജോബി ജോസഫും നിലവില്‍ ഒളിവിലാണ്.
ലൈംഗികപീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും ഇരയാക്കിയെന്ന പരാതിയിൽ ബിഎന്‍എസ് 64 (2) (എഫ്), 64 (2) (എച്ച്), 64 (2) (എം), 89, 115 (2), 351 (3), 3 (5) വകുപ്പുകളും ഐടി നിയമത്തിലെ 66 (ഇ) അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.







0 comments