ആർത്തവം അശുദ്ധമല്ല, വിദ്യാർഥികൾക്ക് സുരക്ഷിത ആർത്തവം ഉറപ്പാക്കണം: എസ്എഫ്ഐ

ന്യൂഡൽഹി : സ്ത്രീകൾക്ക് എല്ലായിടത്തും സുരക്ഷിതമായ ആർത്തവം ഉറപ്പാക്കണമന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ദളിത് പെൺകുട്ടിയെ ആർത്തവമുള്ളതിനാൽ പുറത്ത് ഇരുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്.
ഇന്ത്യയിൽ ആർത്തവം ഇപ്പോഴും നിഷിദ്ധവും അശുദ്ധവുമായാണ് തുടരുന്നത്. ആർത്തവസമയത്ത് സ്ത്രീകളെ സമയത്ത് "അശുദ്ധിയുള്ളവരായി" കണക്കാക്കുന്നു. 2018ൽ തമിഴ്നാട്ടിൽ തന്നെ 14 വയസുകാരിയെ ആർത്തവത്തിന്റെ ഭാഗമായി വീട്ടിനുള്ളിൽ കയറ്റാതെ പുറത്ത് പാർപ്പിച്ചതിനെത്തുടർന്ന് ഗജ ചുഴലിക്കാറ്റിനിടെ പെൺകുട്ടി മരണപ്പെട്ടു. മഹാരാഷ്ട്രയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആർത്തവമുള്ള പെൺകുട്ടിക്ക് താമസിക്കാൻ വീടിനു പുറത്ത് പ്രത്യേകം നിർമിച്ച കുടിലുകളുണ്ട്. ഈ ആചാരം പലയിടങ്ങളിലും വളരെ സാധാരണമാണ്.
ഇവ തടയുന്നതിനും അനാചാരങ്ങൾക്കെതിരെ അവബോധം പ്രചരിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിനും പകരം സർക്കാരുകൾ ഇത്തരം ഭയാനകവും പ്രാകൃതവുമായ രീതികൾക്കെതിരെ കണ്ണടയ്ക്കുന്നത് തുടരുകയാണ്. നിലവിലെ സംഭവത്തിൽ തമിഴ്‌നാട് സർക്കാർ വേഗത്തിൽ നടപടിയെടുത്തെങ്കിലും ഇത്തരം രീതികൾ നിർത്തലാക്കാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
എല്ലാവർക്കും സുരക്ഷിതമായ ആർത്തവം ഉറപ്പാക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നു. ആർത്തവം പകർച്ച വ്യാധിയല്ല. ദളിത് വ്യക്തികളാരും അശുദ്ധരുമല്ല. വിദ്യാർത്ഥികൾക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുക, സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് നിരന്തരമായ ചർച്ച നടത്തുക എന്നീ ആവശ്യങ്ങളും എസ്എഫ്ഐ മുന്നോട്ടുവെക്കുന്നതിനായി കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.








0 comments