ബംഗളൂരുവിൽ എഞ്ചിനിയറിങ് വിദ്യാർഥിനിയെ കാമ്പസിനുള്ളിൽ ബലാത്സംഗം ചെയ്തു; ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ കോളേജ് കാമ്പസിനുള്ളിൽ എഞ്ചിനിയറിങ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ 21കാരനായ ജൂണിയർ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ബംഗളൂരുവിലുള്ള കോളേജിലാണ് സംഭവം. ഹനുമന്തനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ വിദ്യാർഥിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ പത്തിനായിരുന്നു സംഭവം. ബിടെക് ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ഉച്ചയോടെ ആർക്കിടെക്ച്ചർ ബ്ലോക്കിലേക്ക് എത്താൻ ജൂനിയർ വിദ്യാർഥി ആവശ്യപ്പെടുകയായിരുന്നു. പുസ്തകം ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാൽ ഇവിടെയെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. ഇത് ചെറുത്തതോടെ ആൺകുട്ടികളുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വാതിലടച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇവിടെനിന്ന് രക്ഷപെട്ട പെൺകുട്ടി സുഹൃത്തുക്കളോടാണ് ആദ്യം വിവരം പറഞ്ഞത്. തുടർന്ന് ബുധനാഴ്ച പൊലീസിൽ പരാതി നൽകി. അതിക്രമം നടന്ന സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ല. എന്നാൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.








0 comments