ടെസ്റ്റ് റണ്ണിനിടെ ട്രെയിൻ ബീമിൽ ഇടിച്ചുകയറി; 3 ജീവനക്കാർക്ക് പരിക്ക്: ചെറിയ സംഭവമെന്ന് മുംബൈ മെട്രോ അധികൃതർ

മുംബൈ : മുംബൈയിൽ പരീക്ഷണ ഓട്ടത്തിനിടെ പുതിയ മോണോറെയിൽ ട്രെയിനിന്റെ ഒഴിഞ്ഞ കോച്ച് പാളം തെറ്റി ബീമിൽ ഇടിച്ച് അപകടം. ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. മുംബൈയിലെ വഡാല ഡിപ്പോയിൽ ബുധനാഴ്ച രാവിലെ നടന്ന പരീക്ഷണ ഓട്ടത്തിനിടെയായിരുന്നു അപകടം. പുതുതായി വാങ്ങിയ മോണോറെയിൽ ട്രെയിനിന്റെ ഒഴിഞ്ഞ കോച്ച് പാളം തെറ്റി ബീമിൽ ഇടിച്ചുകയറുകയായിരുന്നു. കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ മോണോറെയിൽ പ്രവർത്തിപ്പിക്കുന്ന മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംഎംഒസിഎൽ) അപകടത്തെ "ചെറിയ സംഭവം" എന്നാണ് വിശേഷിപ്പിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവകാശപ്പെട്ടു. എന്നാൽ മൂന്ന് മോണോറെയിൽ ജീവനക്കാർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സ തേടിയതായും സിവിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കാരണം സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾക്കായി സെപ്തംബർ 20 മുതൽ മെട്രോപോളിസിലെ പതിവ് മോണോറെയിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ട്രെയിനിന്റെ ആദ്യ കോച്ച് ട്രാക്ക് ബീമിൽ ഇടിച്ചു നിൽക്കുന്നതും മറ്റു ഭാഗങ്ങൾ പാളത്തിൽ നിന്ന് പുറത്തേക്ക് ചരിഞ്ഞതും ദൃശ്യങ്ങളിൽ കാണാം. ഹെവി ഡ്യൂട്ടി ക്രെയിനിന്റെ സഹായത്തോടെ ഇത് ട്രാക്കിൽ നിന്ന് നീക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യത്തെ കോച്ചിന്റെ അണ്ടർഗിയറുകൾ, കപ്ലിംഗ്, ബോഗികൾ എന്നിവയ്ക്കും ചക്രങ്ങളിലെ കവറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ബീമുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ട്രെയിനിന്റെ ഒരു വശം അന്തരീക്ഷത്തിൽ തൂങ്ങിക്കിടന്ന നിലയിലായിരുന്നു. ഗുരുതരമായ അപകടം നടന്നിട്ടും ചെറിയ സംഭവം മാത്രമാണുണ്ടായതെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് മുംബൈ മെട്രോ കോർപ്പറേഷൻ. ആഗസ്ത് 19 ന് രണ്ട് മോണോറെയിൽ ട്രെയിനുകളിലായി വ്യത്യസ്ത സ്ഥലങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിയിരുന്നു. നിരന്തരമായി മോണോറെയിലിൽ സാങ്കേതിക തടസങ്ങളുണ്ടാകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്.









0 comments