തമിഴ്നാട് മന്ത്രി ഐ പെരിയസാമിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ചെന്നൈ: തമിഴ്നാട് മന്ത്രി ഐ പെരിയസാമിയുടെ ചെന്നൈയിലെയും ഡിണ്ടിഗലിലെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. പെരിയസാമിയുടെ വീട്ടിലും മകനും ഡിഎംകെ എംഎൽഎയുമായി സെന്തിൽകുമാറിന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് നടപടിയെന്ന് ഇ ഡി അധികൃതകർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ഏപ്രിലിൽ അഴിമതിക്കേസിൽ ഐ പെരിയസാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടിരുന്നു. 2008ൽ ഭവന വകുപ്പു മന്ത്രിയായിരിക്കെ, അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധിയുടെ അംഗരക്ഷകന് ഹൗസിങ് ബോർഡിന്റെ വീട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2012ൽ അണ്ണാഡിഎംകെ ഭരണകാലത്തു രജിസ്റ്റർ ചെയ്ത കേസ് വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.









0 comments