പശ്ചിമബംഗാളിൽ ചീഫ് സെക്രട്ടറിയേയും ആഭ്യന്ത്ര സെക്രട്ടറിയേയും പുറത്താക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം മമത ബാനർജി സർക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീനയെയും ആണ് പുറത്താക്കിയത്. 1993ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് നരിയാലയെ പുതിയ മുഖ്യസെക്രട്ടറിയായി കമ്മീഷൻ നിയമിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം, 1997ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സംഘമിത്ര ഘോഷിനെ ഹോം ആൻഡ് ഹിൽ അഫയേഴ്സ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
"തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയിലും നിയോഗിക്കാൻ പാടുള്ളതല്ലെന്ന് കമ്മീഷൻ സെക്രട്ടറി സുജിത് കുമാർ മിശ്ര ഒപ്പുവെച്ച ഉത്തരവിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തതിനെത്തുടർന്നാണ് ഇരു ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പുതിയ ഉത്തരവുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും,പുതുതായി നിയമിതരായ ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകീട്ട്മൂന്ന്മണിക്കകം ചുമതലയേറ്റതായി റിപ്പോർട്ട് ചെയ്യണമെന്നും കമ്മീഷൻ നിർദേശിച്ചു.
പശ്ചിമബംഗാളിൽ നടക്കുന്ന എസ്ഐആർ നടപടികളുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമതാ സർക്കാർ നടത്തിവന്ന നിരന്തര പോരാട്ടത്തിന് പിന്നാലെയാണ് ഈ നീക്കം. സംസ്ഥാനത്തിന്റെ അടുത്തകാല ഭരണചരിത്രത്തിൽ ഇത്ര വലിയ ഉദ്യോഗസ്ഥ മാറ്റം അഭൂതപൂർവമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഏപ്രിൽ 23, 29 തീയതികളിലായാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4ന് നടക്കും.









0 comments