നിയമന അഴിമതി; കൊൽക്കത്തയിൽ പ്രതിഷേധറാലി

ഗോപി
Published on Apr 05, 2025, 10:14 AM | 1 min read
കൊൽക്കത്ത: പശ്‌ചിമബംഗാളിലെ കോഴ വാങ്ങിയുള്ള അധ്യാപക നിയമനങ്ങൾ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ അഴിമതിക്കാർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിൽ വൻ പ്രതിഷേധ റാലി. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ജോലി നഷ്ടപ്പെട്ട അർഹരായ എല്ലാവർക്കും ജോലി ലഭ്യമാക്കാനുള്ള നടപടി കൈകൊള്ളണമെന്ന് റാലി ആവശ്യപ്പെട്ടു.
സ്കൂളുകളിലെ നിയമനത്തിനായി 2016ൽ സ്കൂൾ സർവീസ് കമീഷൻ നടത്തിയ സംസ്ഥാനതല സെലക്ഷൻ ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റിൽ തിരിമറി നടത്തിയാണ് വിദ്യാഭ്യാസ മന്ത്രിയുൾപ്പടെയുള്ള ഉന്നത തൃണമൂൽ നേതാക്കൾ വൻതുകകൾ കൈപ്പറ്റി അനധികൃത നിയമനം നടത്തിയത്.
കേസ് കോടതിയിലെത്തിക്കാൻ സിപിഐ എം ആണ് മുൻകൈഎടുത്തത്. സുപ്രിം കോടതി വിധിക്കെതിരെ റിവ്യു പെറ്റീഷൻ നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.









0 comments