ഡിആർഇയുവിനെ ‘ക്യാപ്‌റ്റൻ’ നയിക്കും

ചെന്നൈ: ദക്ഷിണറെയിൽവേയിലെ ഏറ്റവും വലിയ സംഘടനയായ ദക്ഷിണറെയിൽവേ എംപ്ലോയീസ് യൂണിയന്റെ(ഡിആർഇയു) ആദ്യവനിതാജനറൽസെക്രട്ടറിയായി ബേബി ഷക്കീല. സംഘടനയുടെ 35–ാം സമ്മേളനമാണ് ചരിത്രപരമായ തീരുമാനം കൈകൊണ്ടത്. രാജ്യത്തുതന്നെ റെയിൽവേയിലെ ഒരുസോണലിൽ ഏതെങ്കിലും യൂണിയന്റെ നേതൃസ്ഥാനത്ത് വനിത വരുന്നതും ആദ്യമാണ്.
പാലക്കാട് സ്വദേശിനിയായ ബേബി ഷക്കീല ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് പേഴ്‌സൺ ബ്രാഞ്ചിൽ ചീഫ്‌ഓഫീസ് സൂപ്രണ്ടാണ്.15 വർഷം മുന്പാണ് ഡിആർഇയുവിൽ ചേർന്നത്. നിരന്തരമുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായി ചുരുങ്ങിയ കാലത്തിനകം മാറി. പാലക്കാട് കാണിക്കാ മാതാ കോൺവെന്റ് സ്കൂളിലാണ് പഠിച്ചത് പത്താം ക്ലാസ് വരെ പഠിച്ചത്.
പത്താംക്ലാസിൽ അഞ്ചാം റാങ്കുണ്ടായിരുന്നു. എട്ടാംക്ലാസിൽ പഠിക്കന്പോൾ മുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി. മേഴ്‌സി കോളേജിൽ പ്രീഡിഗ്രി, ഡിഗ്രി പഠിക്കുന്ന കാലത്ത് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ, കേരള സീനിയർ വനിതാക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ എന്നീ നിലകളിലും തിളങ്ങി.ഇതിന്റെ പിന്നാലെയാണ് റെയിൽവേയിൽ സെലക്‌ഷൻ ലഭിച്ചത്.
എൻജിനീയറിങ് വിഭാഗത്തിൽ 21–ാം വയസിൽ ക്ലർക്കായി. സർവീസിൽ 32 വർഷം പൂർത്തിയാക്കിയവേളയിലാണ് യൂണിയൻ പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചത്. 33–ാം ഡിആർഇയു സമ്മേളനത്തിൽ സോണൽ അസി. ജനറൽസെക്രട്ടറിയും 34–ാം സമ്മേളനത്തിൽ വൈസ്‌പ്രസിഡന്റായും പ്രവർത്തിച്ച കരുത്തിലാണ് ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
വനിതാനേതാവ് യൂണിയന്റെ നേതൃസ്ഥാനത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്നതായി ബേബി ഷക്കീല പറഞ്ഞു. ആ സ്ഥാനത്തേക്ക് എന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. യൂണിയൻ നിരന്തരം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഹിതപരിശോധന നടത്താൻ റെയിൽവേ നിർബന്ധിതമായത്. അതിനായി സുപ്രീംകോടതിയിൽ കേസ് നടത്തേണ്ടി വന്നു.
മറ്റ് റെയിൽവേ സോണലുകളിലും സിഐടിയുവിന്റെ സാന്നിധ്യം വർധിപ്പിക്കുകയും അഖിലേന്ത്യാതലത്തിൽ അംഗീകാരം നേടിയെടുക്കുന്നതിനും ശ്രമിക്കും. ദക്ഷിണറെയിൽവേയിൽ ജീവനക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഒന്നിച്ചുണ്ടാകുമെന്നും അവർ പറഞ്ഞു. ഭർത്താവ്: എസ് ആനന്ദ്(ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ). മക്കൾ: രേഷ്‌മ ആനന്ദ്( ഫ്രാൻസ്), ഋഷി ആനന്ദ്( വിദ്യാർഥി).









0 comments