ad
Deshabhimani

ഇൻഡോറിൽ കുടിവെള്ള മലിനീകരണം: മരണം പതിനാല്‌; മരിച്ചവരിൽ ആറ്‌ മാസം പ്രായമായ കുഞ്ഞും

baby
വെബ് ഡെസ്ക്

Published on Jan 01, 2026, 10:22 PM | 1 min read

ന്യ‍ൂഡൽഹി: ബിജെപി സംസ്ഥാന സർക്കാർ ഭരണവും കോർപറേഷൻ ഭരണവും കയ്യാളുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം കുടിച്ച്‌ മരിച്ചവരുടെ എണ്ണം പതിനാലായി ഉയർന്നു. മരിച്ചവരിൽ ആറ്‌ മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടും. രണ്ടായിരത്തിലധികം പേർ അസുഖ ബാധിതരായി. മലിനജലം കുടിച്ചതുമ‍ൂലം നിരവധി പേർ ശർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഇൻഡോറിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ഭഗീരത്‌പുരയിലാണ്‌ ദാരുണമായ സംഭവമുണ്ടായത്‌. നഗരത്തിലെ അടിസ്ഥാന സ‍ൗകര്യങ്ങളിൽ വീഴ്‌ചയുണ്ടായതായി ദുരന്തത്തെത്തുടർന്നുള്ള അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിന്റെ ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന്‌ ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ പറഞ്ഞു. മേയർ രാജിവെക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം.


​മരണമുൾപ്പെടെയുള്ള ഒ‍ൗദ്യോഗിക കണക്കുകൾ ബിജെപി നിയന്ത്രണത്തിലുള്ള കോർപറേഷൻ മദ്ധഗതിയിലാണ്‌ പുറത്തുവിടുന്നത്‌. കോർപറേഷനും ജില്ലാ ഭരണനേതൃത്വവും പുറത്തുവിടുന്ന മരിച്ചവരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്‌. മധ്യപ്രദേശ്‌ നഗരവികസന മന്ത്രിയും സ്ഥലം എംഎൽഎയുമായ കൈലാഷ് വിജയവർഗിയ സംഭവത്തെക്കുറിച്ച്‌ ചോദിച്ച മാധ്യമങ്ങളോട്‌ മോശം രീതിയിൽ പെരുമാറി. സ്വകാര്യ ആശുപത്രികളിൽ നിന്ന്‌ രോഗികൾക്ക്‌ റീഫണ്ട്‌ ലഭിക്കാത്തതിനെക്കുറിച്ചും നഗരത്തിൽ ശരിയായ കുടിവെള്ള സംവിധാനത്തിന്റെ അപര്യാപ്‌തതയെക്കുറിച്ചും ആരാഞ്ഞപ്പോഴാണ്‌ മന്ത്രി മോശം വാക്കുകൾ ഉപയോഗിച്ച്‌ പ്രതികരിച്ചത്‌. ഇത്‌ വിവാദമായതോടെ മന്ത്രി മോശം പെരുമാറ്റത്തിൽ ഖേദം അറിയിച്ചു.


ഇന്ത്യയിലെ ശുചിത്വ നഗരമായി മോദി സർക്കാർ തുടർച്ചയായ എട്ടാം തവണയും പ്രഖ്യാപിച്ച ഇൻഡോറിൽ മുൻസിപ്പിൽ കോർപറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിൽ കക്കൂസ്‌ മാലിന്യം കലരുകയായിരുന്നു. നേരത്തെ തന്നെ കുടിവെള്ളമായി ലഭിക്കുന്നത്‌ മലിനജലമാണെന്ന പരാതിയുയർന്നിട്ടും നടപടിയെടുക്കാത്തത്‌ കോർപറേഷന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. മാസങ്ങൾക്ക്‌ മുൻപ്‌ ചിന്ത്‌വാഡ ജില്ലയിൽ ചുമമരുന്ന്‌ കഴിച്ച്‌ കുട്ടികൾ മരിച്ചതും സർക്കാർ ആശുപത്രിയിൽ എലികളുടെ കടിയേറ്റ്‌ കുഞ്ഞുങ്ങൾ മരിച്ചതുമെല്ലാം മധ്യപ്രദേശ്‌ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home