ad
Deshabhimani

ആസൂത്രിത കുറ്റകൃത്യം; ട്രക്ക് ഡ്രൈവറെ തട്ടിക്കൊണ്ട് പോയ കേസിൽ ഖേദ്കർ കുടുംബത്തിനെതിരെ പൊലീസ്

ias
വെബ് ഡെസ്ക്

Published on Oct 06, 2025, 08:23 PM | 1 min read

നവി മുംബൈ: മുൻ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറുടെ പിതാവ് ദിലീപ് ഖേദ്കർ ഉൾപ്പെട്ടതും വിവാദമായതുമായ "ട്രക്ക് ക്ലീനർ തട്ടിക്കൊണ്ടുപോകൽ കേസ്" സാധാരണ റോഡപകടമല്ലെന്നും മറിച്ച് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമാണെന്നും പൊലീസ്. ഇത് മനഃപൂർവമായ ക്രിമിനൽ കുറ്റമാണെന്നും തൊഴിലാളിയെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.


ദിലീപ് ഖേദ്കർ വൻ വിവാദത്തിന് വഴിവെച്ച തട്ടിക്കൊണ്ടുപോകൽ കേസിൽ ഇടക്കാല അറസ്റ്റ് ജാമ്യത്തിനായി അപേക്ഷ നൽകി. ബേലാപൂർ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ 13 നാണ് കേസിനാസ്പദമായ സംഭവം. മുളുന്ദ്-ഐറോളി റോഡിൽ 22കാരനായ പ്രഹ്ലാദ് കുമാർ ഓടിച്ചിരുന്ന സിമന്റ്-മിക്സർ ട്രക്ക് ദിലീപ് ഖേദ്കറുടെ ഉടമസ്ഥതയിലുള്ള എസ്‌യുവിയിൽ ഉരസിയതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം.


തുടർന്നുണ്ടായ തർക്കത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞാണ് ദിലീപ് ഖേദ്കറും അദ്ദേഹത്തിന്റെ ഡ്രൈവർ പ്രഫുൽ സലുങ്കെയും ചേർന്ന് കുമാറിനെ പൂനെയിലെ ബംഗ്ലാവിലെത്തിച്ച് ബന്ദിയാക്കിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ പൊലീസിന് ട്രക്ക് ഡ്രൈവറെ വീട്ടിൽ നിന്ന് മോചിപ്പിക്കാനായി. അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും അന്വേഷണത്തിനിടെ തെളിവുകൾ നശിപ്പിച്ചതിനും പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിന് സെപ്റ്റംബർ 30ന് കോടതി അറസ്റ്റ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കുമാറിനെ തിരഞ്ഞെത്തിയ പൊലീസിന് നേരെ മനോരമ ഖേദ്കർ ഗേറ്റുകൾ പൂട്ടി നായ്ക്കളെ അഴിച്ചുവിട്ടിരുന്നു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിന് പൂനെ പൊലീസും കേസെടുത്തിട്ടുണ്ട്.


2022ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിച്ച പൂജ ഖേദ്കർ, സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വസ്തുതകൾ തെറ്റായി അവതരിപ്പിച്ച കേസിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ഖേദ്കറിനെതിരെ നടപടികൾ ആരംഭിച്ചതിനിടയിലാണ് ഈ സംഭവം. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് സിവിൽ സർവീസ് പരീക്ഷ എഴുതാൻ ശ്രമിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്ക് ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


പൂജ ഖേദ്കറിനെ പ്രൊബേഷണറി ഐഎഎസ് ഓഫീസറായി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിന് ശേഷം കഴിഞ്ഞ വർഷം മനോരമ ഖേദ്കറെ ഒരു കർഷകനെ ഭീഷണിപ്പെടുത്തുന്നതായുള്ള വീഡിയോ പുറത്തുവരികയും തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയുമൊക്കെ ഉണ്ടായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home