ad
Deshabhimani

ഇന്ധനവില വർധന; മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഡൽഹി ടാക്സി യൂണിയനുകൾ

Taxi Strike

ടാക്സി വാഹനങ്ങൾ (Photo: NDTV)

വെബ് ഡെസ്ക്

Published on May 19, 2026, 05:54 PM | 2 min read

ന്യൂഡൽഹി: ഡൽഹിയിലെ ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ പണിമുടക്കിലേയ്ക്ക്. ഇന്ധനവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ടാക്സി, ഓട്ടോ നിരക്കുകൾ വർധിപ്പിക്കണമെന്നാണ് ആവശ്യം. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില തുടർച്ചയായി വർധിക്കുന്നതിനാൽ, കുടുംബം പുലർത്താൻ ഏറെ ബുദ്ധിമുട്ടുന്നു. അതിനാൽ, ഡൽഹിയിലെ മറ്റ് സംഘടനകളുമായി സഹകരിച്ച് 'ചാലക് ശക്തി യൂണിയൻ' മെയ് 21, 22, 23 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിക്കുകയും, ആ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് പറഞ്ഞു.


ഇന്ധനവില കുത്തനെ ഉയർന്നിട്ടും ഡൽഹി എൻസിആർ (Delhi-NCR) മേഖലയിലെ ടാക്സി നിരക്കുകളിൽ കുറെ കാലമായി മാറ്റമില്ലെന്നും യൂണിയൻ ആരോപിച്ചു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ എന്നിവയ്ക്കുള്ള ഉയർന്ന ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ടാക്സി ഡ്രൈവർമാരുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും യൂണിയൻ കൂട്ടിച്ചേർത്തു. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികൾ അവരുടെ ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു. ഇത് ഡൽ​ഹി എൻസിആർ മേഖലയിലെ ഡ്രൈവർമാരെ ബാധിക്കുന്ന മറ്റൊരു സാമ്പത്തിക ചൂഷണമാണെന്നും യൂണിയനുകൾ തുറന്നടിച്ചു.


തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നയങ്ങൾ രൂപീകരിക്കാനുമായി സർക്കാരുമായി കൂടിക്കാഴ്ച വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ സമരം വലിയൊരു പ്രതിഷേധത്തിലേയ്ക്ക് വഴിമാറുമെന്നും ഇതിലെ പൂർണ ഉത്തരവാദിത്വം ഡൽഹി സർക്കാരിന് മാത്രമായിരിക്കുമെന്ന മുന്നറിയിപ്പും യൂണിയനുകൾ നൽകുന്നു. നിരക്ക് വർധനയാണ് പ്രധാന ആവശ്യം. മെയ് 23-ന് ഡൽഹി സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.


രാജ്യത്ത് ഇന്ന് വീണ്‌ടും ഇന്ധനവില വർധനയുണ്ടായി. പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനവാണ്‌ കഴിഞ്ഞ ദിവസം വരുത്തിയത്‌. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന്‌ 15 രൂപയുടെയെങ്കിലും വർധനവാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ താൽപ്പര്യപ്പെടുന്നത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home