റോഡ് പരിശോധനയ്ക്കിടെ വീഡിയോ പകർത്തിയ യുവാവിന്‍റെ മുഖത്തടിച്ച് ഡൽഹി മന്ത്രി പർവേഷ് വർമ്മ

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ റോഡ് നിർമാണ പരിശോധനയ്ക്കിടെ വീഡിയോ പകർത്തിയ യുവാവിനെ മുഖത്തടിച്ച് പൊതുമരാമത്ത് മന്ത്രിയും ബിജെപി നേതാവുമായ പർവേഷ് വർമ്മ. പ്രദേശത്തെ റോഡ് പ്രവൃത്തിയിലെ ഗുണനിലവാരക്കുറവ് ചോദ്യം ചെയ്ത് വീഡിയോ പകർത്തിയ ആം ആദ്മി പാർടി പ്രവർത്തകന് നേരെയാണ് മന്ത്രിയുടെ കൈയേറ്റം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിമർശനങ്ങളുയരുകയാണ്.
യുവാവിന്റെ മൊബൈൽ ഫോൺ ഒരു കൈകൊണ്ട് താഴേക്ക് തട്ടിത്തറിപ്പിച്ച മന്ത്രി, മറ്റേ കൈകൊണ്ട് മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിയേറ്റതിന് പിന്നാലെ യുവാവും മന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കിനിൽക്കെ സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്. “സാധാരണക്കാരനെ ആർക്കും ഇങ്ങനെ തല്ലാനാകില്ല” എന്ന് ആൾക്കൂട്ടത്തിൽനിന്ന് അമർഷമുയരുന്നതും വീഡിയോയിലുണ്ട്.
റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചോദ്യങ്ങൾ ഉന്നയിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് തിലക് നഗർ ആം ആദ്മി പാർട്ടി എംഎൽഎ ജർണയിൽ സിങ് ആരോപിച്ചു. എഎപി പ്രവർത്തകനാണ് അടിയേറ്റതെന്നും, സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങൾ ചോദിക്കാനും പൊതുപ്രവർത്തനങ്ങൾ ചിത്രീകരിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതിന് മറുപടി അക്രമമല്ലെന്നും എഎപി നേതാക്കൾ കുറ്റപ്പെടുത്തി. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വീഡിയോ പങ്കുവെച്ച് മന്ത്രിക്കെതിരെ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ പർവേഷ് വർമ്മയോ ഡൽഹി സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.









0 comments