ad
Deshabhimani

ഉപരാഷ്ട്രപതിയുടെ സന്ദർശനം; മൂന്ന് ഘട്ട പരിശോധന, പാസ് ഉണ്ടായിട്ടും മാധ്യമപ്രവർത്തകരെ അപമാനിച്ചു

VICE PRESIDETN

ഫയല്‍ ചിത്രം

വെബ് ഡെസ്ക്

Published on Sep 27, 2026, 05:29 PM | 1 min read

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ കേരള സന്ദർശനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ അപമാനിച്ചു. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വിവിധയിടങ്ങളിൽ ആവർത്തിച്ച് പരിശോധിക്കുകയും ഔദ്യോഗിക പാസ് ഉണ്ടായിട്ടും വാഹനങ്ങൾ വേദിയിൽനിന്ന് ഏറെ അകലെ തടഞ്ഞ് ദീർഘദൂരം നടത്തിക്കുകയും ചെയ്തു.


രണ്ടിടത്തെ സുരക്ഷാ പരിശോധന പൂർത്തിയാക്കി മുന്നോട്ടുപോയ മാധ്യമപ്രവർത്തകർക്ക് മൂന്നാമത്തെ പരിശോധനാ കേന്ദ്രത്തിലും തടസ്സം നേരിട്ടു. ക്യാമറയും ട്രൈപോഡും ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി എത്തിയ ദൃശ്യമാധ്യമ പ്രവർത്തകർക്കാണ് അമിത നിയന്ത്രണം കാരണം ബുദ്ധിമുട്ടുണ്ടായത് പരിപാടിയിലേക്ക് പ്രവേശിക്കുന്നതിനായി നേരത്തെ നൽകിയ പാസ് കൈവശമുണ്ടായിരുന്നിട്ടും അതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്നാണ് മാധ്യമപ്രവർത്തകർ പറയുന്നത്.


ആവർത്തിച്ചുള്ള പരിശോധനയും നിയന്ത്രണവും എന്തിനാണെന്ന് ചോദിച്ചപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ലഭിച്ച മറുപടിയും പ്രതിഷേധത്തിന് ഇടയാക്കി. “രാജീവ് ഗാന്ധിയെ പൂമാലയിട്ടാണ് കൊന്നത്” എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടിയെന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറയുന്നു. സുരക്ഷയുടെ ആവശ്യകത ചോദ്യം ചെയ്തതല്ലെന്നും, ഔദ്യോഗികമായി പാസ് അനുവദിച്ച മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടിങ് നടത്താൻ ആവശ്യമായ സൗകര്യം ഒരുക്കാത്തതാണ് പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഞായറാഴ്ച കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന വിശ്വസേവാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. തുടർന്ന് തിരുവനന്തപുരത്തെ ബാലരാമപുരത്ത് എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.


ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് വിവിധ മേഖലകളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. വിവിഐപി സന്ദർശനങ്ങളിൽ സുരക്ഷാ പരിശോധന സ്വാഭാവികമാണെങ്കിലും, മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകി പാസ് വിതരണം ചെയ്തശേഷവും ഓരോ ഘട്ടത്തിലും തടയുന്നതും വാഹനങ്ങൾ ഏറെ അകലെ നിർത്തുന്നതും റിപ്പോർട്ടിങ് ദുഷ്കരമാക്കുന്നുവെന്നാണ് പരാതി.


പ്രത്യേകിച്ച് ദൃശ്യമാധ്യമ പ്രവർത്തകർക്ക് ക്യാമറ, ട്രൈപോഡ്, ലൈറ്റ് ഉൾപ്പെടെയുള്ള ഭാരമുള്ള ഉപകരണങ്ങളുമായി ദീർഘദൂരം നടക്കേണ്ടിവന്നതായും പരാതിയുണ്ട്. മാധ്യമങ്ങൾക്ക് അനുവദിച്ച പാസ് ഏത് ഘട്ടംവരെ പ്രവേശനം ഉറപ്പാക്കുന്നതാണെന്ന കാര്യത്തിലും സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യക്തതയില്ലായിരുന്നുവെന്നാണ് ആക്ഷേപം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home