ad
Deshabhimani

'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് ഉടനടി പുനഃസ്ഥാപിക്കാനാവില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

CJP.jpg
വെബ് ഡെസ്ക്

Published on May 29, 2026, 02:01 PM | 1 min read

ന്യൂഡൽഹി: സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിരോധം തീർത്ത 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് ഇന്ത്യയിൽ ഉടനടി പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.


അക്കൗണ്ട് മരവിപ്പിച്ച 'എക്സ് കോർപ്പറേഷന്റെ' നടപടിക്കെതിരെ പാർട്ടി സമർപ്പിച്ച അടിയന്തര ഹർജി കോടതി നിരസിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് എക്സ് കോടതിയെ അറിയിച്ചു.


ദേശീയ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നാണ് കഴിഞ്ഞ മാസം കോക്രോച്ച് ജനതാ പാർട്ടിയുടെ ഹാൻഡിൽ ഇന്ത്യയിൽ ജിയോ-ബ്ലോക്ക് ചെയ്തത്.


എന്നാൽ, ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് ഈ നടപടിയെന്ന് പാർട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് അക്കൗണ്ട് റദ്ദാക്കിയതെന്നും അടിയന്തരമായി ഇത് പുനഃസ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.


എന്നാൽ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമുള്ള കർശനമായ ഉത്തരവുകളെ മറികടന്ന് താല്കാലിക ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.


കേന്ദ്ര സർക്കാരിന്റെ കൃത്യമായ നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര മന്ത്രാലയത്തിനും എക്സ് കോർപ്പറേഷനും കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home