ad
Deshabhimani

ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിന് പങ്കെടുക്കാം; ഗുസ്തി ഫെഡറേഷന്റെ പ്രതികാര നടപടിയെ രൂക്ഷമായി വിമർശിച്ച് കോടതി

Vinesh .jpg
വെബ് ഡെസ്ക്

Published on May 23, 2026, 05:17 PM | 1 min read

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വലിയ ആശ്വാസമേകി ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിനായുള്ള ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ വിനേഷിന് ഹൈക്കോടതി അനുമതി നൽകി. മെയ് 30, 31 തീയതികളിൽ നടക്കുന്ന ട്രയൽസിൽ താരത്തെ ഉൾപ്പെടുത്താനാണ് കോടതി ഉത്തരവ്.


വിനേഷ് ഫോഗട്ടിനെ മത്സരരംഗത്തുനിന്ന് ബോധപൂർവ്വം അകറ്റിനിർത്താൻ ശ്രമിച്ച റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതികാര നടപടിയെയും വിവേചനപരമായ നയങ്ങളെയും ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തേജ് കസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.


പ്രസവാവധിയെ തുടർന്ന് കായികരംഗത്തുനിന്ന് താല്ക്കാലിക ഇടവേളയെടുത്ത വനിതാ താരങ്ങളെ പൂർണ്ണമായി പുറന്തള്ളുന്ന രീതിയിലാണ് ഡബ്ല്യുഎഫ്ഐയുടെ പുതിയ യോഗ്യതാ മാനദണ്ഡങ്ങളെന്ന് കോടതി നിരീക്ഷിച്ചു. മാതൃത്വം എന്നത് ഒരു വനിതാ അത്‌ലറ്റിനെ പാർശ്വവത്കരിക്കാനോ മാറ്റിനിർത്താനോ ഉള്ള കാരണമാകരുത്.


പ്രസവകാലത്തും അതിനുശേഷവും ഒരു വനിതാ താരം നേരിടുന്ന ശാരീരിക വെല്ലുവിളികളെ കായിക സ്ഥാപനങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ പ്രമുഖ താരങ്ങൾക്ക് ഇളവുകൾ നൽകിയിരുന്ന ഫെഡറേഷൻ, ഇത്തവണ വിനേഷിനെ ലക്ഷ്യം വെച്ചുകൊണ്ട് പുതിയ നിബന്ധനകൾ കൊണ്ടുവന്നത് തികച്ചും വിവേചനപരമാണെന്നും കോടതി വ്യക്തമാക്കി.


പാരിസ് ഒളിമ്പിക്സിലെ ഭാരക്കൂടുതൽ മൂലമുള്ള അയോഗ്യത 'ദേശീയ നാണക്കേട്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഡബ്ല്യുഎഫ്ഐ വിനേഷ് ഫോഗട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെയും ഹൈക്കോടതി രൂക്ഷമായി അപലപിച്ചു.


കായിക തർക്ക പരിഹാര കോടതി പോലും വിനേഷിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ തികഞ്ഞ മുൻവിധിത്തോടെയുള്ളതും പ്രതികാര ബുദ്ധിയോടെയുള്ളതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


സെലക്ഷൻ ട്രയൽസ് പൂർണ്ണമായും വീഡിയോയിൽ പകർത്തണമെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എന്നിവയിൽ നിന്നുള്ള രണ്ട് സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ മാത്രമേ ട്രയൽസ് നടത്താവൂ എന്നും കോടതി കർശന നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home