ദീപാവലി ആഘോഷം: ഡൽഹിയിൽ രണ്ട് ദിവസത്തിനിടെ 170 ലേറെ പേർക്ക് പൊള്ളലേറ്റു

നവംബർ ഏഴ്, എട്ട് തീയതികളിലായി സഫ്ദർജങ് ആശുപത്രിയിൽ 135 കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലും എയിംസിലുമായി രണ്ട് ദിവസത്തിനിടെ 177 പേർ പൊള്ളലേറ്റ് ചികിത്സ തേടി. പടക്കാപകടങ്ങളാണ് ഭൂരിഭാഗം പരിക്കുകൾക്കും കാരണം. പരിക്കേറ്റവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു.
നവംബർ ഏഴ്, എട്ട് തീയതികളിലായി സഫ്ദർജങ് ആശുപത്രിയിൽ 135 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 129 എണ്ണം പടക്കങ്ങളിൽനിന്നുള്ള പരിക്കുകളാണ്. ആറുപേർക്ക് വിളക്കുകളിൽനിന്ന് പൊള്ളലേറ്റു. പരിക്കേറ്റ 35 കുട്ടികൾ ഒപി വിഭാഗത്തിൽ ചികിത്സ തേടി. ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എയിംസിൽ നവംബർ ഒമ്പതിന് രാവിലെ 11 വരെ 42 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 37 എണ്ണം പടക്കാപകടങ്ങളാണ്. പരിക്കേറ്റവരിൽ 18 പേർ കുട്ടികളാണ്. എട്ടുവയസ്സുകാരന് ശരീരത്തിന്റെ 45 ശതമാനം ഭാഗത്തും പൊള്ളലേറ്റു. അഞ്ചുവയസ്സുകാരനാണ് എയിംസിൽ ചികിത്സ തേടിയ ഏറ്റവും പ്രായം കുറഞ്ഞ രോഗി.
എയിംസിൽ 11 പേരുടെ പരിക്ക് ഗുരുതരമാണ്. നാലുപേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഞ്ചുപേർക്ക് ശസ്ത്രക്രിയയും നടത്തി. നിലവിൽ എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. സഫ്ദർജങ് ആശുപത്രിയിൽ ഏഴുപേരും ചികിത്സയിൽ തുടരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഫ്ദർജങ് ആശുപത്രിയിൽ ഇത്തവണ പൊള്ളൽ കേസുകൾ വർധിച്ചിട്ടുണ്ട്. 2025ൽ ഇവിടെ 129 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എയിംസിൽ കഴിഞ്ഞ വർഷം 60 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.









0 comments