സിഎൻജി വിലക്കയറ്റം; ഡൽഹിയിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കിലേക്ക്

Image Credit : The Guardian
ന്യൂഡൽഹി : സിഎൻജി വില വർധനവിന് പിന്നാലെ ഓട്ടോറിക്ഷാ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബർ 9ന് പണിമുടക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതലാണ് ഡൽഹിയിലും സമീപ നഗരങ്ങളിലും സിഎൻജിയുടെ വില കിലോഗ്രാമിന് 3.89 രൂപ വർധിച്ചതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചത്. സാധാരണക്കാരായ ഓട്ടോ തൊഴിലാളികൾക്ക് സാമ്പത്തിക ഭാരം വർധിക്കുന്ന നടപടിയാണിത്. അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കുന്ന നടപടി ഉടനടി ഡൽഹി സർക്കാർ പ്രാബല്യത്തിൽ വരുത്തണമെന്ന് ഓട്ടോ തൊഴിലാളികൾ പ്രതികരിച്ചു.
കഴിഞ്ഞ രണ്ടു മൂന്ന് മാസമായി സിഎൻജി വില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഓട്ടോ തൊഴിലാളികളുടെ പ്രതിദിന വരുമനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സർക്കാർ എത്രയും വേഗം ഓട്ടോ നിരക്ക് വർധിപ്പിക്കുകയോ സിഎൻജി വിലയിൽ സബ്സിഡി നൽകുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ന്യായമായ ആവശ്യം. സിഎൻജി വില വർധനവിനെതിരെ ഓൾ ഇന്ത്യ മോട്ടോർ ആൻഡ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് അസോസിയേഷനും പ്രതികരിച്ചു.
സിഎൻജി വിലയിൽ സർക്കാർ സബ്സിഡി നൽകിയില്ലെങ്കിൽ ഈ നിരക്ക് വർധന സാധാരണക്കാരെയും ബാധിക്കും. അത് പിന്നീട് അവശ്യസാധനങ്ങളുടെ വിലയിലും പ്രകടമാകും. പുതിയ വില നിലവിൽ വന്നതോടെ സിഎൻജിയുടെ വില കിലോഗ്രാമിന് 86.98 രൂപയായി. മെയ് മാസത്തിൽ മാത്രം 15 ദിവസത്തിനുള്ളിൽ നാല് തവൻ സിഎൻജി വില 6 രൂപ വർധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ചരക്ക് നീക്കത്തിൽ തടസം നേരിട്ടതാണ് നിലവിലെ വില വർധനവിന് കാരണം. വിതരണത്തിൽ തടസം നേരിടുന്നതിനാൽ ആഗോളതലത്തിൽ എൽഎൻജി വില ഇരട്ടിയായി വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യമായതിനാൽ സിഎൻജിയുടെ കുറവ് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുൾപ്പടെയുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പശ്ചിമേഷ്യയിൽ നിലവിലെ സംഘർഷങ്ങൾ ബാധിക്കുമെന്ന വസ്തുത ഉറപ്പിക്കുന്നതാണ് ഈ വിലവർധന.








0 comments