ഡൽഹിയിൽ ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ന്യൂഡൽഹി: അധികൃതരുടെ അനാസ്ഥയിൽ രാജ്യതലസ്ഥാനത്ത് വീണ്ടും യുവാവിന് ദാരുണാന്ത്യം. ജനക്പുരിയിൽ ജല അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ച വലിയ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ കമൽ എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം പുറത്തറിഞ്ഞത്.
ഹെൽമറ്റും റൈഡിങ് ജാക്കറ്റും ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങൾ ധരിച്ചിരുന്നെങ്കിലും കുഴിയുടെ ആഴവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും മരണകാരണമായി. ജനക്പുരിയിലെത്തിയെന്ന് രാത്രി വീട്ടിൽ വിളിച്ച് അറിയിച്ചതിന് ശേഷം കമലിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.
വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് ആണ് മരണവാർത്ത അറിയിച്ചത്. റോഡിൽ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ജല അതോറിറ്റി കുഴിച്ച കുഴിക്ക് ഒരു കുളത്തിന്റെ വീതിയുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അപകടത്തിൽപ്പെട്ട യുവാവ് സഹായം ലഭിക്കാതെ രാത്രി മുഴുവൻ കുഴിക്കുള്ളിൽ കിടന്നുവെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. നോയിഡയിൽ സമാനമായ അപകടം നടന്നിട്ടും അധികൃതർ പാഠം പഠിച്ചിട്ടില്ലെന്നും വിമർശനം ഉയർന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് 27 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ദില്ലിയിൽ വീണ്ടും ജീവൻ പൊലിഞ്ഞത്.










0 comments